ട്രെയിനില്‍ വിദ്യാര്‍ഥിക്ക് ടി ടി ആറിന്‍റെ മര്‍ദനമെന്ന് പരാതി

എറണാകുളം രാജഗിരി കോളജ് വിദ്യാര്‍ഥി ഷാമിലിനാണ് ട്രെയിനില്‍ ടി ടി ആറിന്റെ മര്‍ദനമേറ്റത്

Update: 2023-01-10 19:28 GMT
Advertising

എറണാകുളം: ട്രെയിനില്‍ വിദ്യാര്‍ഥിക്ക് ടി ടി ആറിന്റെ മര്‍ദനമെന്ന് പരാതി. എറണാകുളം രാജഗിരി കോളജ് വിദ്യാര്‍ഥിയും കോഴിക്കോട് സ്വദേശിയുമായ ഷാമിലിനാണ് ട്രെയിനില്‍ ടി ടി ആറിന്റെ മര്‍ദനമേറ്റത്. മലബാര്‍ എക്സ്പ്രസില്‍ എറണാകുളത്തേക്കുളള യാത്രക്കിടെ കുറ്റിപ്പുറത്തിനും ഷൊര്‍ണൂരിനുമിടക്കാണ് സംഭവം.

ജനറല്‍ ടിക്കറ്റില്‍ കോഴിക്കോട് നിന്ന് യാത്ര തിരിച്ച ഷാമില്‍ ഷൊർണൂരിൽ വച്ച് പുറത്തേക്കിറങ്ങി. ട്രെയിൻ വിട്ടതോടെ ഓടിക്കയറിയത് സ്ലീപ്പര്‍ ക്ലാസിലും.ടി ടി ആര്‍ എത്തി ഇത് ചോദ്യം ചെയ്തു.ജനറൽ കംപാർട്ട്മെൻ്റിലേക്ക് മാറാനുള്ള സമയം ലഭിക്കും മുമ്പെ ടി.ടി.ആര്‍ തന്നോട് മോശമായി പെരുമാറിയെന്ന് ഷാമിൽ  പറയുന്നു. തിരികെ മറ്റൊരു കംപാര്‍ട്ട്മെന്റിലേക്ക് മാറാന്‍ ശ്രമിക്കവെ ശുചിമുറിയുടെ ഭാഗത്ത് വച്ച് ടി ടി ആര്‍ പിടിച്ചുതളളിയെന്നാണ് ഷാമിലിന്‍റെ ആരോപണം

 പ്രതിരോധിക്കാൻ ശ്രമിച്ച തന്നെ ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നാണ് ഷാമില്‍ നൽകിയ പരാതിയിൽ പറയുന്നത്.  ചുണ്ട് പൊട്ടി ചോര വന്നതോടെ റെയില്‍വേ പൊലീസ് ഇടപെട്ടുവെന്നും പിന്നീട് പൊലീസിൽ പരാതി നൽകിയെന്നും വിദ്യാർഥി പറഞ്ഞു. ആലുവ റെയില്‍വെ സ്റ്റേഷനിലിറങ്ങിയ വിദ്യാര്‍ഥി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ റെയില്‍വേ പൊലീസിനും റെയില്‍വേ ഏരിയ മാനേജര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ഥി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News