കൊല്ലത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം; വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം
കൈതോട് കോൺഗ്രസ് നടത്തിയ പ്രതിഷേധ യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്.
കൊല്ലം: നിലമേലിൽ കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കട അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവർത്തകരുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്.
കൈതോട് കോൺഗ്രസ് നടത്തിയ പ്രതിഷേധ യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തെന്ന് പരാതി ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം.
ഇതുകൂടാതെ, ആറ്റിങ്ങൽ ആലംകോടിലും ഡിവൈഎഫ്ഐ- യൂത്ത് കോൺഗ്രസ് സംഘർഷമുണ്ടായി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഘർഷമുണ്ടായത്.
യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പൊലീസ് പ്രവർത്തകരെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചതും സംഘർഷത്തിന് കാരണമായി.
കല്ലമ്പലത്ത് യുവമോർച്ചയും കരിങ്കൊടി കാണിച്ചു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രവർത്തകരെത്തിയത്. നവകേരളാ സദസിന്റെ ബസ് കടന്നുപോകുന്ന വഴിയിലായിരുന്നു പ്രതിഷേധം.