'വിമർശിച്ചത് കൊണ്ട് ഒരാളെയും പാർട്ടിയിൽ നിന്ന് മാറ്റി നിർത്തില്ല'; പോഡ്കാസ്റ്റ് വിവാദത്തിൽ ശശി തരൂരിനെ അവഗണിക്കാൻ കോൺഗ്രസ് നേതൃത്വം
ശശി തരൂർ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ പ്രധാനപദവി നേടിയെടുക്കാനുള്ള ഡോക്ടർ ശശി തരൂരിന്റെ ആഗ്രഹങ്ങൾക്ക് തടയിട്ട് കോൺഗ്രസ്. തരൂരിന്റെ നീക്കങ്ങൾക്ക് വഴങ്ങേണ്ടന്നാണ് ഹൈക്കമാൻഡിലെ ധാരണ. അവഗണിച്ചു മുന്നോട്ടു പോകാൻ നേതാക്കൾക്ക് നിർദേശം നൽകി. വിമർശിച്ചതിന്റെ പേരിൽ ഒരു നേതാവിനെയും പാർട്ടിയിൽ നിന്നും മാറ്റിനിർത്തില്ലെന്ന് കെഎസി വേണുഗോപാൽ പ്രതികരിച്ചപ്പോൾ തരൂരുമായി ബന്ധപ്പെട്ട വിവാദത്തിനും ഇല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ നിലപാട്.
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് തരൂർ കുളം കലക്കുന്നതെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. അതിനു വഴങ്ങി കൊടുക്കില്ല. വലിയ ചർച്ചകൾക്ക് ഇടം നൽകി കാര്യങ്ങൾ കൂടുതൽ വഷളാക്കാനും ഹൈക്കമാൻഡ് ആഗ്രഹിക്കുന്നില്ല. അതിനാൽ തദ്ദേശ തെരഞ്ഞെടുപ്പു വരെ നിലവിലെ നേതൃത്വത്തെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ ഒന്നും കേരളത്തിൽ വേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. അതിനാൽ തരൂർ ഉയർത്തുന്ന വിവാദങ്ങളുടെ പിന്നാലെ പോകേണ്ടെന്ന് സംസ്ഥാന നേതൃത്വത്തിനും നിർദേശം നൽകി. ഇന്നലെ തരൂരിനെ കുത്തിയ കെ സി വേണുഗോപാൽ മയപ്പെടുത്തിയതും വിവാദങ്ങൾ കൂടുതൽ ആളിക്കത്തിക്കേണ്ടുന്ന നിലപാടിന്റെ ഭാഗമാണ്.
ഹൈക്കമാൻഡ് നിർദ്ദേശം വന്നതോടെ പ്രതികരിക്കുന്നതിൽ നിന്ന് അടക്കം പ്രതിപക്ഷ നേതാവ് ഒഴിഞ്ഞുമാറി. വിവാദമുണ്ടാക്കേണ്ടെന്ന് തീരുമാനിച്ചു എന്ന് തുറന്നു പറഞ്ഞു രമേശ് ചെന്നിത്തല.
പൂർണ്ണമായും തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കേന്ദ്രീകരിച്ച് മറ്റു ചർച്ചകൾ അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. കഴിഞ്ഞദിവസം നടത്തിയ പരാമർശങ്ങൾ തരൂരിനെതിരെ അല്ല എന്ന് കെസി വേണുഗോപാൽ വിശദീകരിച്ചെങ്കിലും തരൂരും തൃപ്തൻ അല്ല. എസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പക്ഷം പിടിച്ചു എന്ന വികാരമാണ് തരൂരിനുള്ളത്.