കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസുകാർ തമ്മിൽ കൈയാങ്കളി
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംഘടിപ്പിച്ച പ്രകടനത്തിലാണ് നേതാക്കളും പ്രവർത്തകരും ഏറ്റുമുട്ടിയത്.
കൽപ്പറ്റ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൈയാങ്കളി. വെള്ളിയാഴ്ച വൈകീട്ട് നടന്ന പ്രകടനത്തിനിടെയാണ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
കൽപ്പറ്റ കനറാ ബാങ്ക് പരിസരത്തുനിന്ന് ഡി.സി.സി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് ആരംഭിച്ച് അൽപദൂരം പിന്നിട്ട ശേഷമാണ് ആദ്യം കൈയാങ്കളിയുണ്ടായത്. ടി.സിദ്ദീഖ് എം.എൽ.എ അടക്കമുള്ള നേതാക്കൾ ഇടപെട്ടാണ് സംഘർഷമൊഴിവാക്കിയത്. പിന്നീട് പ്രതിഷേധ യോഗത്തിന് ശേഷം പ്രവർത്തകർ മടങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി.
ടി.സിദ്ദീഖ് എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി സാലി റാട്ടക്കൊല്ലിയും കെ.പി.സി.സി അംഗം പി.പി ആലിയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ പി.പി ആലിയുടെ നേതൃത്വത്തിൽ തന്നെ തള്ളിവിട്ടുവെന്നും യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഹർഷൽ കോന്നാടൻ ബലമായി കോളറിൽ പിടിച്ച് മർദിച്ചുവെന്നും സാലി റാട്ടക്കൊല്ലി ആരോപിച്ചു.
അതേസമയം, സാലി റാട്ടക്കൊല്ലി ഉൾപ്പെടെയുള്ള ഒരുവിഭാഗം പേർ മർദിച്ചുവെന്ന് ആരോപിച്ച് ഹർഷൽ കോന്നാടൻ, യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് പ്രതാപ് കൽപ്പറ്റ, സെക്രട്ടറി എം.കെ ഫെബിൻ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.