'തുടര്‍ഭരണത്തിന് നെഗറ്റീവും പോസിറ്റീവുമുണ്ട്, തെറ്റ് തിരുത്തല്‍ രേഖ കര്‍ശനമായി നടപ്പാക്കും'; എം.വി ഗോവിന്ദന്‍
'സർക്കാരിൻറ ദൈനം ദിന പ്രവർത്തനങ്ങളിൽ പാർട്ടി ഇടപെടാറില്ല, നയപരമായ കാര്യങ്ങളിൽ മാത്രമേ പാർട്ടി ഇടപെടാറുളളൂ'
കണ്ണൂര്‍: തുടർഭരണത്തിന് നെഗറ്റീവും പോസിറ്റീവുമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നെഗറ്റീവ് മുളയിലെ നുളളും. തെറ്റായ പ്രവണതകൾ പാർട്ടിയിലുണ്ട്. സമൂഹത്തിലെ ഫ്യൂഡൽ ജീർണത പാർട്ടിയെയും ബാധിക്കും. അത്തരക്കാർക്ക് എതിരെ കർശന നടപടിയെടുക്കും. അത് സംഘടനാപരമായി കൈകാര്യം ചെയ്യും. തെറ്റു തിരുത്തൽ രേഖ കർശനമായി നടപ്പിലാക്കുമെന്നും എം.വി ഗേവിന്ദന്‍ പറഞ്ഞു. മീഡിയവണിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എം.വി ഗോവിന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'തിരുവനന്തപുരം കോർപറേഷനിൽ പിൻവാതിൽ നിയമനം നടന്നു എന്നല്ല ആരോപണം. അതിനായി കത്ത് നൽകി എന്നതാണ് വിഷയം. ആര്യാ രാജേന്ദ്രൻറെ പരാതിയിൽ അന്വേക്ഷണം നടക്കുകയാണ്. എന്ന് പൂർത്തിയാവും എന്ന് ഇപ്പോൾ പറയാനാവില്ല. സുകുമാരക്കുറുപ്പിന്റെ കാര്യത്തിൽ ഇപ്പോഴും അന്വേക്ഷണം നടക്കുകയല്ലേ. ഇ.പിക്ക് എതിരായ ആരോപണം. ഇ.പി ജയരാജനെതിരെ പി. ജയരാജൻ ഒരാരോപണവും ഉന്നയിച്ചിട്ടില്ല. മാധ്യമങ്ങൾ കെട്ടിച്ചമച്ച വാർത്ത അതിന്റെ പേരിൽ അന്വേക്ഷണ കമ്മീഷനെ വെക്കണ്ട കാര്യമില്ല. ആരോപണം ജയരാജൻ നിഷേധിക്കണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സർക്കാരിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ പാർട്ടി ഇടപെടാറില്ല. നയപരമായ കാര്യങ്ങളിൽ മാത്രമേ പാർട്ടി ഇടപെടാറുളളൂ'.
കെ.എസ്.ആർ.ടി.സി ശമ്പള വിഷയത്തിലും എം.വി ഗോവിന്ദൻ പ്രതികരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലവും പൊതു ഖജനാവിൽ നിന്ന് പണം നൽകി സംരക്ഷിക്കാനാവില്ല. മറ്റാരും നൽകാത്ത സഹായം ഈ സർക്കാർ കെ എസ് ആർ ടി സിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'മുഖ്യമന്ത്രിയുടെ സുരക്ഷ മുഖ്യമന്ത്രിക്ക് ആവശ്യമുളള സുരക്ഷ മാത്രമേ നൽകുന്നുളളൂ. സുരക്ഷക്ക് ആവശ്യമുളള വാഹനങ്ങൾ മാത്രമെ അകമ്പടിയായി പോകുന്നുളളൂ. കരിങ്കൊടി കാണിക്കുന്നതിൽ കുഴപ്പമില്ല,ചാവേറുകളാവരുത്. ചാവേറുകളെ പോലെ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ ചാടി അപകടം വരാതിരിക്കാനാണ് ആളുകളെ കരുതൽ തടങ്കലിലെടുക്കുന്നത്. വിഭാഗീയത ആലപ്പുഴയിലെ തമ്മിലടി പരിഹരിച്ചു. ഇനിയും എവിടെങ്കിലും പ്രശ്നങ്ങളുണ്ടങ്കിൽ അതും പരിഹരിക്കും. മാധ്യമങ്ങൾക്ക് ഉത്കണ്ഠ വേണ്ട. ആവശ്യമായ ഇടപെടൽ നടത്താൻ പാർട്ടിക്ക് കഴിവുണ്ട്'. പയ്യന്നൂരിൽ പാർട്ടിക്കുളളിൽ നിലവിൽ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് നാളെ കാസർകോട് തുടക്കമാവുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ കേരള യാത്രയാണിത്. 2024ൽ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങൾക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് യാത്രയിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. ഇന്ധന സെസ് എന്ത്‌കൊണ്ട് കുറയ്ക്കാതിരിക്കുന്നുവെന്നതിൽ സർക്കാരിന് കൃത്യമായ കാരണങ്ങളുണ്ട്. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 40000 കോടി രൂപയോളം കേന്ദ്രം കേരളത്തിന് നൽകാനുണ്ട്. ആ തുക നൽകാതെ കേന്ദ്രം സംസ്ഥാന സർക്കാരിനെ ഞെക്കി കൊല്ലാനുള്ള ശ്രമം നടത്തുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പി, യു.ഡി.എഫ് സമരം അപഹാസ്യമാണെന്നും അതിന് വഴങ്ങില്ലെന്നും വ്യക്തമാക്കിയ എം.വി ഗോവിന്ദൻ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
അതേസമയം കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ലക്ഷ്യമിടുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശിവശങ്കറുമായി മുഖ്യമന്ത്രിയെ അടുപ്പിക്കാൻ ഏറെ കാലമായി ശ്രമം നടക്കുന്നു. കൈക്കൂലി വാങ്ങിയെങ്കിൽ ശിവശങ്കർ ജയിലിൽ കിടക്കട്ടെയെന്നും അദ്ദേഹം വിശദമാക്കി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ അന്വേക്ഷണ പരിധിയിൽ കൊണ്ടു വന്നാലും ഭയമില്ലെന്നും എംവി ഗോവിന്ദൻ മിഡിയവണിനോട് പറഞ്ഞു. ''തുടർഭരണത്തിന് നെഗറ്റീവും പോസിറ്റീവുമായ വശങ്ങളുണ്ട്. നെഗറ്റീവ് മുളയിലെ നുളളും, സമൂഹത്തിലെ ഫ്യൂഡൽ ജീർണത പാർട്ടിയെയും ബാധിക്കും, ആലപ്പുഴയിലെ തമ്മിലടി പരിഹരിച്ചു, ഇനി എവിടെങ്കിലും പ്രശ്നങ്ങളുണ്ടങ്കിൽ അതും പരിഹരിക്കും, ആവശ്യമായ ഇടപെടൽ നടത്താൻ പാർട്ടിക്ക് കഴിവുണ്ട്''- എംവി ഗോവിന്ദൻ വിശദമാക്കി.