മുല്ലപ്പെരിയാറിലെ മരം മുറി:വനം സെക്രട്ടറിയും ഇടപെട്ടു, നീക്കം ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും
മുല്ലപ്പെരിയാർ വിവാദ മരം മുറിക്കായി ഒന്നാം പിണറായി സർക്കാറിന്റെ കാലത്തും അന്നത്തെ വനം സെക്രട്ടറി ഇടപെട്ടതായി രേഖകൾ.
മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറി അനുമതിയിൽ വനം സെക്രട്ടറിയുടെ ഇടപെടലിന് തെളിവുകൾ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും മരംമുറിക്കാനുള്ള തമിഴ്നാടിന്റെ അപേക്ഷയില്‍ തീരുമാനം എടുക്കാൻ ആവശ്യപ്പെട്ട് വനം സെക്രട്ടറി കത്ത് എഴുതി. 2021 ജൂലൈയിലും സമാന ആവശ്യം ഉന്നയിച്ച് വനം സെക്രട്ടറി ഉദ്യോഗസ്ഥർക്ക് കത്ത് നൽകി. കത്തുകൾ മീഡിയവണിന് ലഭിച്ചു.
2020 ഒക്ടോബർ പത്തിനായിരുന്നു വനം പ്രിൻസിപ്പൾ സെക്രട്ടറിയുടെ ആദ്യ കത്ത്. സെപ്തംബർ മൂന്നിന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് നൽകിയ അപേക്ഷയെ തുടർന്നായിരുന്നു ഇടപെടൽ. പി.സി.സി.എഫ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, പി.സി.സി എഫ് ഫോറസ്റ്റ് മാനേജ്മെൻ്റ്, പെരിയാർ ടൈഗർ റിസേർവ് ഡപ്യൂട്ടി ഡയറക്ടർ എന്നിവരോടായിരുന്നു വനം സെക്രട്ടറിയുടെ നിർദേശം.
പിന്നീട് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം 2021 ജൂലൈ 13 ന് വീണ്ടും ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കുന്ന കാര്യത്തിൽ വനം സെക്രട്ടറി റിപ്പോർട്ട് തേടി. നടപടി റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനായിരുന്നു നിർദേശം. ഈ കത്തുകൾ പുറത്ത് വന്നതോടെ ജല വിഭവ വകുപ്പിനൊപ്പം വനം വകുപ്പ് ഉന്നതരും എല്ലാം അറിഞ്ഞിരുന്നുവെന്ന് കൂടുതൽ വ്യക്തമായി.