സിറോ മലബാര്‍ സഭയിലെ തര്‍ക്കം; സ്ഥലം മാറ്റത്തിൽ തണുക്കാതെ വിമത വിഭാഗം

ആൻഡ്രൂസ് താഴത്തിനെ മാറ്റണമെന്നാണ് വിമത വിഭാഗത്തിന്‍റെ ആവശ്യം

Update: 2023-02-26 01:38 GMT
Advertising

കൊച്ചി: സിറോ മലബാർ സഭയിലെ സെന്റ് മേരീസ് ബസലിക്ക അഡ്മിനിസ്‌ട്രേറ്ററെ മാറ്റിയെങ്കിലും മറ്റ് ആവശ്യങ്ങളിൽ വിമത വിഭാഗത്തിന്റെ പ്രതിഷേധം തുടരും. എറണാകുളം-അങ്കമാലി അതിരൂപതയിൽ അപ്പസ്‌തോലിക് അഡ്മിനിസ്രടേറ്ററായ ആൻഡ്രൂസ് താഴത്തിനെ മാറ്റണമെന്ന ആവശ്യത്തിൽ വിമത വിഭാഗം ഉറച്ച് നിൽകുകയാണ്. ഭൂമി കുംഭകോണത്തിലൂടെ ഉണ്ടായ നഷ്ടം സിനഡ് നികത്തണമെന്ന ആവശ്യത്തിനും രണ്ട് വർഷത്തെ പഴക്കമുണ്ട്. ഇതും വരും ദിവസങ്ങളിൽ ശക്തമായി ഉന്നയിക്കാനാണ് നീക്കം. ഏകീകൃത കുർബാന നടപ്പിലാക്കാനായി സഭയുടെ പ്രധാന ബസലിക്കയായ സെന്റ് മേരീസിൽ ആന്റണി പൂതവേലിൽ എത്തിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്.



നിയമനം നടത്തിയ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്രടേറ്ററായ മാർ ആൻഡ്രൂസ് താഴത്തിന്റെ നിയമനം കൂടി ആയതോടെ പൂതവേലിനെ കുർബാന അർപ്പിക്കാൻ അനുവദിക്കില്ലെന്ന വാശി തുടർന്നു. ഇതോടെ ബസലിക്കക്ക് തന്നെ പൂട്ട് വീണതോടെയാണ് സഭ നേതൃത്വം പുതിയ സ്ഥലം മാറ്റ ഉത്തരവിലൂടെ വിമത വിഭാഗത്തെ തണുപ്പിച്ചത്. എന്നാൽ പൂതവേലിന്റെ മാറ്റത്തെ അംഗീകരിക്കുമെങ്കിലും മാർ ആൻഡ്രൂസ് താഴത്തിനെ മാറ്റി മാർ ആന്റണി കരിയിലിനെ തിരികെ വിളിക്കണമെന്ന ആവശ്യം ബാക്കിയാണ്.ആൻഡ്രൂസ് താഴത്തിനെതിരായ നിസഹകരണം തുടർന്നുകൊണ്ടുള്ള പ്രതിഷേധം തുടരും.


പുതിയ സ്ഥലം മാറ്റത്തിൽ അഞ്ച് വികാരിമാർ ജനാഭിമുഖ കുർബാനക്ക് എതിരാണെന്നും അൽമായ മുന്നേറ്റം പറയുന്നു. ഇവർക്കെതിരെയും പ്രതിഷേധം കനപ്പിക്കാനാണ് തീരുമാനം. അതോടൊപ്പം സഭാധ്യക്ഷൻ ഉൾപെട്ട ഭൂമികുംഭകോണക്കേസിൽ സഭക്കുണ്ടായ നഷ്ടം നികത്തണമെന്നാണ് മറ്റൊരാവശ്യം. മാർ ജോർജ് ആലഞ്ചേരിയും സഭാ സിനഡും ചേർന്ന് നഷ്ടം പരിഹരിക്കണമെന്നാണ് വത്തിക്കാൻ നിർദേശം. രണ്ട് കൊല്ലം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തീരുമാനമാകാത്തതും വിമത വിഭാഗം പ്രതിഷേധം കനപ്പിക്കാനുള്ള കാരണമാകും. പുതിയ സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിൽകുർബാന തർക്കത്തെതുടർന്ന് അടഞ്ഞു കിടക്കുന്ന സെന്റ് മേരീസ് ബസലിക്കക്കൊപ്പം പറവൂർ കൊച്ചാൽ സെന്റ് ആന്റണീസ് ചർച്ചും തുറക്കാനാകും . എന്നാൽ എവിടെയെങ്കിലും ജനാഭിമുഖ കുർബാന അർപ്പിക്കാൻ ശ്രമിച്ചാൽ തടയാനാണ് വിതമ വിഭാഗത്തിന്റെ നീക്കം.,


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News