'അഴിമതി മേയർ ഗോ ബാക്ക്'; തിരുവനന്തപുരം കോർപറേഷനിൽ പ്രതിപക്ഷ പ്രതിഷേധം
പ്രതിഷേധിച്ച 4 ബി.ജെ.പി വനിതാ കൗൺസിലർമാരെ കോർപറേഷൻ കൗൺസിൽ ഹാളിൽ നിന്ന് നീക്കി
തിരുവനന്തപുരം: മേയർ ആര്യാരാജേന്ദ്രന്റെ കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ ഹാളിൽ പ്രതിപക്ഷ പ്രതിഷേധം. 'അഴിമതി മേയർ ഗോ ബാക്ക്' ബാനർ ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
പൊലീസ് സംരക്ഷണത്തിലായിരുന്നു മേയറുടെ ഡയസിലേക്കുള്ള വരവ്. പ്രതിഷേധിച്ച 4 ബി.ജെ.പി വനിതാ കൗൺസിലർമാരെ കോർപറേഷൻ കൗൺസിൽ ഹാളിൽ നിന്ന് നീക്കിയിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി ബലംപ്രയോഗിച്ച് മാറ്റാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. മേയറുടെ വഴി തടസ്സപെടുത്തി തറയിൽ കിടന്നു പ്രതിഷേധിച്ച ബി ജെ പി കൗൺസിലർമാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിപക്ഷം പ്രതിഷേധ പൊറാട്ട് നാടകം അവസാനിപ്പിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു .
നിയമന കത്ത് വിവാദം ചർച്ച ചെയ്യാൻ ചേർന്ന സ്പെഷ്യൽ കൗൺസിൽ അലങ്കോലപ്പെട്ടതിന് പിന്നാലെ ചേർന്ന സാധാരണ കൗൺസിലും പ്രക്ഷുബ്ധമായി. കൗൺസിൽ തുടങ്ങുന്നതിനു മുൻപ് തന്നെ ബിജെപി വനിതാ കൗൺസിലർമാർ ഡയസിൽ കിടന്നു പ്രതിഷേധിച്ചു. എന്നാൽ ബഹളത്തിനിടയിലും കൗൺസിൽ നടന്നു. മേയറുടെ രാജി ആവശ്യപെട്ട് നടുത്തളത്തിൽ ഇറങ്ങിയ യുഡിഎഫ് കൗൺസിലർമാർ ഡോലക്കും ഇലത്താളവുമടിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിലും മേയർ അജണ്ടകൾ പാസാക്കി.
രാവിലെ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറിയത് സംഘർഷാവസ്ഥയുണ്ടാക്കിയെങ്കിലും, പോലീസ് ബലപ്രയോഗത്തിലൂടെ എല്ലാ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം കത്ത് വിവാദത്തിൽ എഫ്‌ഐആറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. മേയറുടെ പരാതിയിൽ വ്യാജരേഖ ചമക്കൽ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മേയറെ ഇകഴ്ത്താനാണ് വ്യാജരേഖ ചമച്ചതെന്നാണ് എഫ്‌ഐആറിലെ പരാമർശം.
എഫ്.ഐ.ആറിൽ മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 465, 466,469 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. എഫ്.ഐ.ആറിൽ ആരെയും പ്രതി ചേർത്തിട്ടില്ല. മേയർ നഗരസഭയിൽ ഇല്ലാതിരുന്ന സമയത്ത് വ്യാജ കത്തുണ്ടാക്കി അതിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നുമാണ് എഫ്.ഐ.ആറിലെ പ്രധാന പരാമർശം.