ജെസ്നയുടെ തിരോധാനം: കുടുംബം നൽകിയ തടസഹരജി കോടതി ഫയലിൽ സ്വീകരിച്ചു
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു തുമ്പും കണ്ടെത്താനാകാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സി.ബി.ഐ അറിയിച്ചിരുന്നു
തിരുവനന്തപുരം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം നൽകിയ തടസഹരജി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ജനുവരിയിൽ സി.ബി.ഐ കോടതിയിൽ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിനെതിരെയായിരുന്നു ഹരജി. അന്വേഷണം തുടരണമെന്നാണു കുടുംബം ആവശ്യപ്പെട്ടത്. കേസ് ഈ മാസം 26ന് തിരുവനന്തപുരം സി.ജെ.എം കോടതി വീണ്ടും പരിഗണിക്കും.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു തുമ്പും കണ്ടെത്താനാകാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നാണ് സി.ബി.ഐ അറിയിച്ചിരുന്നത്. പെൺകുട്ടി മരിച്ചുവെന്നതിനോ എവിടെയാണെന്നതിനോ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഏജൻസി ഇതിനു കാരണമായി പറഞ്ഞത്. കോടതി ക്ലോഷർ റിപ്പോർട്ട് അംഗീകരിച്ചാൽ അന്വേഷണം അവസാനിപ്പിക്കും.
എന്നാൽ, റിപ്പോർട്ട് സമർപ്പിച്ചതിനു തൊട്ടടുത്ത ദിവസം ജെസ്‌നയുടെ പിതാവ് ജെയിംസ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ തടസഹരജി നൽകി. ആ ദിവസം ജഡ്ജി അവധിയായതിനാൽ കോടതി വാദം കേട്ടില്ല. തുടർന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു. 26ന് തടസഹരജിയിൽ നടക്കുന്ന വാദത്തിൽ സി.ബി.ഐയ്ക്കു പറയാനുള്ള കാര്യങ്ങൾ കോടതി കേൾക്കും.
Summary: Thiruvananthapuram CJM court accepted the petition filed by the family regarding the Jesna missing case