'അച്ഛനെ കൊന്ന മകൻ' എന്ന കുറ്റം ചുമത്തപ്പെട്ട് ഒന്‍പതര വർഷം ജയിലില്‍, ഒടുവില്‍ കുറ്റവിമുക്തി

സി.ബി.ഐ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജ്യോതികുമാറിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വെറുതെവിട്ടു

Update: 2023-08-21 02:31 GMT
Advertising

തിരുവനന്തപുരം: അച്ഛനെ കൊന്ന മകൻ- ഇതായിരുന്നു തിരുവനന്തപുരം കാഞ്ഞിരംകുളത്തെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ ആയിരുന്ന ജ്യോതികുമാറിന്റെ കഴിഞ്ഞ ഒമ്പതര വർഷമായുള്ള മേൽവിലാസം. സി.ബി.ഐ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജ്യോതികുമാറിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വെറുതെവിട്ടു. സിനിമാക്കഥയെ വെല്ലുന്ന ജ്യോതികുമാറിന്‍റെ ജീവിതകഥ ഇങ്ങനെയാണ്...

2004 ഫെബ്രുവരി 16- തിരുവനന്തപുരം കാഞ്ഞിരംകുളത്തെ പലചരക്ക് വ്യാപാരി വിൽസൺ കുത്തേറ്റ് കൊല്ലപ്പെടുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ അയൽവാസി വിൽഫ്രഡ്, മകൻ റോളണ്ട് എന്നിവരായിരുന്നു പ്രതികൾ. പിന്നീട് അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. അതോടെ കൂടുതല്‍ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിൽസന്റെ മകൻ ജ്യോതികുമാർ ഹൈക്കോടതിയെ സമീപിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നേടിയത്.

സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതോടെ കേസിൽ പുതിയ കഥകൾ രചിക്കപ്പെട്ടു. കൊല്ലപ്പെട്ട വിൽസന്റെ മകൻ ജ്യോതികുമാർ കേസിൽ ഒന്നാം പ്രതിയായി. അച്ഛനും മകനും തമ്മിലെ പണമിടപാട് തര്‍ക്കത്തിന് ഒടുവിലായിരുന്നു കൊലപാതകമെന്ന കണ്ടെത്തലില്‍ സി.ബി.ഐ എത്തിച്ചേര്‍ന്നു.

സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. വിചാരണയ്ക്കൊടുവിൽ പ്രതിയായ ജ്യോതികുമാറിനെ കുറ്റക്കാരനാണെന്ന് കണ്ട് ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പിന്നീട് ജയിൽവാസം. വൈകിയാണെങ്കിലും ജ്യോതികുമാറിനെ തേടി നീതിയെത്തി. ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ കഴിഞ്ഞ ദിവസം വിധി വന്നു. ഒമ്പതര വർഷത്തെ ജയിൽവാസത്തിന് ശേഷം ഹൈക്കോടതി ജ്യോതികുമാറിനെ കുറ്റവിമുക്തനാക്കി. 

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News