വെർച്വൽ അറസ്റ്റ് തട്ടിപ്പിനുള്ള ശ്രമം പൊളിച്ച് കൊല്ലത്തെ അഭിഭാഷക
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നെന്ന വ്യാജേനയാണ് അഡ്വക്കേറ്റ് ഷറഫനിസ ബീഗത്തിന് കഴിഞ്ഞ ദിവസം കോൾ വന്നത്
കൊല്ലം: വെർച്വൽ അറസ്റ്റ് തട്ടിപ്പിനുള്ള ശ്രമം പൊളിച്ച് കൊല്ലത്തെ അഭിഭാഷക. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നെന്ന വ്യാജേനയാണ് അഡ്വക്കേറ്റ് ഷറഫനിസ ബീഗത്തിന് കഴിഞ്ഞ ദിവസം കോൾ വന്നത്. വീഡിയോ കോൾ ദൃശ്യം മരുമകൾ മൊബൈലിൽ റെക്കോർഡ് ചെയ്യുന്നത് കണ്ടതോടെ സംഘം ശ്രമം ഉപേക്ഷിച്ചു.
മഹാരാഷ്ട്ര പൊലീസിൽ നിന്നുള്ള വ്യാജേന വന്ന വീഡിയോ കോൾ. സധൈര്യം അതിനെ നേരിട്ടതോടെ തട്ടിപ്പ് സംഘം ശ്രമം ഉപേക്ഷിച്ചു. TRAI യിൽ നിന്നും എന്ന് പറഞ്ഞായിരുന്നു അഡ്വക്കേറ്റ് ഷറഫനിസയ്ക്ക് ആദ്യം വിളി വന്നത്. മൊബൈൽ നമ്പർ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നു എന്നതായിരുന്നു പറഞ്ഞത്. മുംബൈയിലെ പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. അതോടെ ഫോൺ വിളിച്ചയാൾ മലയാളത്തിൽ മറുപടി പറഞ്ഞതായും അഭിഭാഷക പറയുന്നു.
തട്ടിപ്പ് സംഘമാണെന്ന് മനസ്സിലാക്കിയതോടെ അഭിഭാഷക സൈബർ പൊലീസിൽ വിവരമറിയിച്ചു. മുംബൈ പോലീസിലെ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എന്ന പേരിൽ വീഡിയോ കോൾ വിളി വന്നു. ഷറഫനിസയുടെ മരുമകൾ ദൃശ്യം മൊബൈലിൽ റെക്കോർഡ് ചെയ്തതോടെ വെർച്ചൽ അറസ്റ്റ് തട്ടിപ്പിന് ശ്രമിച്ച സംഘം കോൾ കട്ടാക്കി തടിതപ്പി. വെർച്ചൽ അറസ്റ്റ് എന്ന പേരിൽ തട്ടിപ്പ് സംഘം വിളിച്ചാൽ അതിൽ വീഴാതെ സധൈര്യം നേരിട്ട് സൈബർ പൊലീസിൽ വിവരമറിയിക്കണം.