കോവിഡ് പ്രതിസന്ധി: ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്തത് മൂന്നുപേര്‍

പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട് ബിസിനസ് ചെയ്യുന്ന പൊന്നുമണി, ഇടുക്കി അടിമാലിയില്‍ ബേക്കറി നടത്തുകയായിരുന്ന വിനോദ്, വയനാട് അമ്പലവയലില്‍ ബസ് ഉടമയായ രാജാമണി എന്നിവരാണ് ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്തത്.

Update: 2021-07-20 04:10 GMT
Advertising

കോവിഡ് ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിമൂലം ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്തവരുടെ എണ്ണം മൂന്നായി. പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട് ബിസിനസ് ചെയ്യുന്ന പൊന്നുമണി, ഇടുക്കി അടിമാലിയില്‍ ബേക്കറി നടത്തുകയായിരുന്ന വിനോദ്, വയനാട് അമ്പലവയലില്‍ ബസ് ഉടമയായ രാജാമണി എന്നിവരാണ് ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്തത്. അനൗദ്യോഗിക കണക്ക് പ്രകാരം ഒരു മാസത്തിനിടെ എട്ടുപേരാണ് കോവിഡ് പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തത്.

ഈ മാസം 16ന് രാത്രിയാണ് പാലക്കാട് ലെറ്റ് ആന്‍ഡ് സൗണ്ട് ബിസിനസ് ചെയ്യുന്ന പൊന്നുമണി വിഷം കഴിച്ചുമരിച്ചത്. ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലമുള്ള മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

ഇന്നലെയാണ് അടിമാലിയില്‍ ബേക്കറി ഉടമയായിരുന്ന വിനോദ് തൂങ്ങിമരിച്ചത്. അടച്ചിട്ട ബേക്കറിക്കുള്ളില്‍ പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് വരെ വിനോദിന്റെ ബേക്കറിയില്‍ പ്രതിദിനം 10,000 മുതല്‍ 15,000 വരെ വിറ്റുവരവുണ്ടായിരുന്നു. ലോക്ഡൗണ്‍ വന്നതോടെ ഇത് 1500-2000 രൂപയായി കുറഞ്ഞു. ഇതിനിടെ വിനോദിന് വാഹനാപകടത്തില്‍ പരിക്കേറ്റു. കച്ചവടത്തിനായി കടം വാങ്ങിയ 12 ലക്ഷത്തോളം രൂപയുടെ തിരിച്ചടവ് മുടങ്ങിയതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. ഇതിനിടയില്‍ കോവിഡ് ബാധിച്ച് ഒരു മാസത്തോളം കട അടച്ചിടേണ്ടി വന്നു. ഡ്രൈവറായ മകന്‍ അഖിലിന്റെ ജോലികൂടി നഷ്ടപ്പെട്ടതോടെ ജീവിതം പൂര്‍ണമായും പ്രതിസന്ധിയിലായി. കടം വാങ്ങിയ തുകയുടെ പലിശപോലും അടക്കാനാവാതെ വന്നതോടെയാണ് അച്ഛന്‍ ആത്മഹത്യ ചെയ്തതെന്ന് മകന്‍ അഖില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഇന്ന് രാവിലെയാണ് വയനാട് അമ്പലവയലില്‍ ബസ് ഉടമയായ പി.സി രാജാമണി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വീടിനടുത്തുള്ള തോട്ടത്തില്‍ വിഷം കഴിച്ചു അവശനിലയില്‍ കണ്ടെത്തിയ രാജാമണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. കടല്‍മാട്-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബ്രഹ്‌മപുത്ര എന്ന ബസിന്റെ ഉടമയായിരുന്നു രാജാമണി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ബസിന്റെ ഓട്ടം നിലച്ചതോടെ രാജാമണി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News