ചികിത്സ കേന്ദ്രത്തിൽ നിന്ന് ഇറക്കിവിട്ടു; സെക്രട്ടേറിയറ്റിന് മുന്നിൽ കോവിഡ് രോഗികളുടെ പ്രതിഷേധം
വീട്ടിൽ സൗകര്യങ്ങൾ ഇല്ലെന്നു പറഞ്ഞിട്ടും ഇറക്കി വിട്ടെന്നാണ് രോഗിയായ അമ്മയും മകനും ഉൾപ്പെടുന്ന കുടുംബത്തിന്‍റെ പരാതി.
കോവിഡ് നെഗറ്റീവാകാതെ ചികിത്സ കേന്ദ്രത്തിൽ നിന്ന് ഇറക്കിവിട്ടെന്നാരോപിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ കുടുംബത്തിന്‍റെ പ്രതിഷേധം. രോഗിയായ അമ്മയും മകനും ഉൾപ്പെടുന്ന കുടുംബമാണ് പ്രതിഷേധിച്ചത്.
ഐരാണിമുട്ടത്തെ കേന്ദ്രത്തിൽ ചികിത്സയിലിരിക്കവെയാണ് രണ്ട് പേരെയും ഇറക്കിവിട്ടത്. വീട്ടിൽ സൗകര്യങ്ങൾ ഇല്ലെന്നു പറഞ്ഞിട്ടും ചികിത്സാ കേന്ദ്രത്തില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് ഇവരുടെ പരാതി.
ഭക്ഷണത്തിനും വെള്ളത്തിനും മറ്റു മാർഗങ്ങൾ ഇല്ലെന്നു പറഞ്ഞിരുന്നു. എന്നാല്‍ നെഗറ്റീവാകാതെ ഇറക്കിവിടുകയായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു. സെക്രട്ടേറിയറ്റ് പടിക്കല്‍ നിന്ന് പൊലീസ് ഇടപെട്ട് ഇവരെ തിരികെ ആശുപത്രിയിലേക്ക് മാറ്റി.
മെയ് 24നാണ് മുട്ടത്തറ സ്വദേശിയായ അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ ഐരാണിമുട്ടത്തെ കേന്ദ്രത്തില്‍ ചികിത്സ തേടിയത്.