അനാഥ ബാലനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച സി.പി.എം നേതാവിനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധം

ബാലന്റെ വീട് സന്ദർശിച്ച ഐ സി ബാലകൃഷ്ണൻ എംഎൽഎ കുടുംബത്തിനൊപ്പം എസ്പി ഓഫീസിൽ നേരിട്ടെത്തി പ്രതിഷേധമറിയിച്ചു.

Update: 2022-09-25 01:45 GMT
Advertising

വയനാട് തരുവണയിൽ അനാഥ ബാലനെ അധിക്ഷേപിച്ച സി.പി.എം നേതാവിനെതിരെ കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. പൊള്ളലേറ്റ് മരിച്ച മുഫീദയുടെ മകനെ തീവ്രവാദി എന്ന് വിളിച്ച സി.പി.എം നേതാവിനെതിരെ ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് കേസെടുത്തിട്ടില്ല. ബാലന്റെ വീട് സന്ദർശിച്ച ഐ സി ബാലകൃഷ്ണൻ എംഎൽഎ കുടുംബത്തിനൊപ്പം എസ്പി ഓഫീസിൽ നേരിട്ടെത്തി പ്രതിഷേധമറിയിച്ചു.

ഈ മാസം പതിനാലാം തിയ്യതിയായിരുന്നു സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ എൻ പ്രഭാകരന്റെ വിവാദ പ്രസംഗം- "പതിനാലാം വയസ്സുള്ള പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകനാണ് വീഡിയോ പിടിച്ചതെന്ന് പറയുന്നു. സ്വന്തം ഉമ്മ നിന്നു കത്തുമ്പോള്‍ വീഡിയോ പിടിക്കണമെങ്കില്‍ അവന്‍റെ തീവ്രവാദത്തിന്‍റെ കടുപ്പം എത്ര വലുതാണെന്ന് നമ്മള്‍ ആലോചിക്കണം. ഞാനാ വീഡിയോ കണ്ടു. അതുകൊണ്ടാ പറയുന്നത്. എടുത്തു വളര്‍ത്തിയ മകനാണെന്നാണ് പിന്നീട് ഞാന്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്"

ഉമ്മ മരിച്ച 14കാരനെ തീവ്രവാദിയെന്ന് വിളിച്ചും അനാഥത്വത്തെ അവഹേളിച്ചും നടത്തിയ പ്രസംഗത്തിനെതിരെ ഒരാഴ്ച പിന്നിട്ടിട്ടും കേസെടുക്കാത്തതിന് എതിരെയാണ് പ്രതിഷേധം. ബാലന്റെ വീട് സന്ദർശിച്ച ഐ.സി ബാലകൃഷ്ണൻ എംഎൽഎ, കുടുംബത്തെ കൂട്ടി എസ്പി ഓഫീസിൽ നേരിട്ടെത്തി പ്രതിഷേധമറിയിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും ആക്ഷൻ കമ്മിറ്റിയും പൊലീസ് നിലപാടിനെതിരെ രംഗത്തുവന്നു.

വേദനിക്കുന്നവരോടൊപ്പം നിൽക്കുക എന്ന കമ്യൂണിസ്റ്റ് മൂല്യബോധത്തിന് എതിരായിരുന്നു എ എൻ പ്രഭാകരന്റെ പ്രസംഗമെന്ന് പ്രദേശത്തെ സി.പി.ഐ പ്രവർത്തകരും പ്രതികരിച്ചു. പ്രവർത്തകർക്ക് തെറ്റ് പറ്റിയാൽ പാർട്ടി തിരുത്തണം. ഇല്ലെങ്കിൽ പൊലീസ് കേസെടുക്കണം. ഇക്കാര്യത്തിൽ ഇത് രണ്ടുമുണ്ടായില്ലെന്ന് സി.പി.ഐ നേതാവ് സീതി തരുവണ പറഞ്ഞു.

ഇരകളോടൊപ്പം നിൽക്കേണ്ട പൊലീസ്, ഭരണകക്ഷിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. നിഷ്പക്ഷവും നീതിപൂർവവുമായ നടപടികളുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News