'ഡി.വൈ.എഫ്.ഐ സമ്മേളനത്തിന് സംഭാവന ആവശ്യപ്പെട്ട് മര്‍ദിച്ചു': പരാതിയുമായി മുന്‍ സി.പി.എം പ്രവര്‍ത്തകനായ ഹോട്ടല്‍ വ്യാപാരി
ജേക്കബിന്‍റെ മുഖത്തടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു
പത്തനംതിട്ട ഇരവിപേരൂരിൽ ഹോട്ടൽ വ്യാപാരിയെ സി.പി.എം നേതാക്കൾ മർദിച്ചതായി പരാതി. കുമ്പനാട് സ്വദേശി ജേക്കബ് കെ മാത്യുവിനാണ് മർദനമേറ്റത്. ഡി.വൈ.എഫ്.ഐ സമ്മേളനത്തിന് സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനമെന്ന് ജേക്കബ് പറയുന്നു.
പരാതിക്കാരന്‍ മുന്‍ സി.പി.എം പ്രവര്‍ത്തകനും മുന്‍ സൈനികനുമാണ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സിപിഎമ്മിന്‍റെ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരും റെസ്റ്റോറന്‍റിലെത്തി സമ്മേളനത്തിന് സംഭാവന ആവശ്യപ്പെടുകയായിരുന്നുവെന്ന് ജേക്കബ് പറയുന്നു. ജേക്കബിന്‍റെ മുഖത്തടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ജേക്കബ്ബിനെ രണ്ടര മാസം മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതനായിരുന്നു പുറത്താക്കല്‍. തുടര്‍ന്നും സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.