നെന്മാറ ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുമായി സി.പി.എം നേതാക്കൾ
ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും അസി.സെക്രട്ടറിയേയുമാണ് നേതാക്കൾ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയത്
പാലക്കാട്: നെന്മാറ ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുമായി സി.പി.എം നേതാക്കൾ. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും അസി.സെക്രട്ടറിയേയുമാണ് നേതാക്കൾ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയത്. സി.പി.എം കൊല്ലങ്കോട് ഏരിയാ സെക്രട്ടറി കെ.പ്രേമൻ, നെന്മാറ ലോക്കൽ സെക്രട്ടറി നാരായണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത്് ഓഫീസിൽ കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
സംഭവത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തദ്ദേശ സ്വയം ഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പരിപാടിക്കായി പാർക്ക് മൈതാനം ബുക്ക് ചെയ്തതിന് ഫീസ് അടച്ചിട്ടിണ്ടോയെന്ന് അസി.സെക്രട്ടറി വൈ. സുബൈർ അലി ചോദിച്ചതാണ് സി.പി.എം നേതാക്കളെ പ്രകോപിച്ചത്.
തുടർന്നാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേയും അസി.സെക്രട്ടറിയേയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. ജോലിക്ക് തടസ്സമാകുന്ന രീതിയിൽ പൊതുജനമധ്യത്തിൽ ജീവനക്കാരെ അവഹേളിച്ച നടപടിയിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ജീവനക്കാർ കറുത്ത മാസ്‌ക് അണിഞ്ഞ് പ്രതിഷേധിച്ചു.