കോൺഗ്രസുകാരൻ പ്രതിയായ പോക്സോ കേസ് ഒതുക്കിതീർക്കാൻ കൂട്ടുനിന്നു: സിപിഎം മുൻ എംഎൽഎ ജോർജ് എം തോമസിനെതിരെ പാർട്ടിയുടെ കണ്ടെത്തൽ
കെ കെ മുഹമ്മദ്, കെ കെ ദിനേഷ് എന്നിവർ അടങ്ങുന്ന രണ്ടംഘ കംമ്മീഷനാണ് ഈ പരാതി അന്വേഷിച്ചത്.
കോഴിക്കോട്: പാർട്ടി സസ്പെൻഷനിലുള്ള സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോർജ്ജ് എം തോമസ് പോക്സോ കേസ് ഒതുക്കിയെന്നും കണ്ടെത്തൽ. കോൺഗ്രസിന്റെ പ്രവാസി സംഘടനാ നേതാവായ പ്രതിയെ കേസിൽ നിന്നൊഴിവാക്കാൻ ഇടപ്പെട്ടെന്നാണ് പരാതി. പൊലീസിനെ സ്വാധീനിക്കാൻ ജോർജ്ജ് എം തോമസ് കൂട്ടുനിന്നു എന്ന് പാർട്ടി അന്വേഷണത്തിൽ വ്യക്തമായി.
സാമ്പത്തിക ക്രമക്കേട്, അച്ചടക്ക ലംഘനം എന്നിവ കണക്കിലെടുത്ത് ഒരു വര്‍ഷത്തേയ്ക്ക് ജോര്‍ജ് തോമസിനെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നിരവധി പരാതികളാണ് ജോർജ്ജ് എം തോമസിനെതിരെ അന്വേഷണ സംഘത്തിനു മുൻപിൽ എത്തിയത്. പരാതിയിൽ ഏറ്റവും പ്രധാനപ്പെട്ട പരാതിയെന്ന് പാർട്ടി കണ്ടെത്തിയിരിക്കുന്നത് പോക്സോ കേസ് ഒതുക്കാൻ ശ്രമിച്ചുവെന്നതാണ്.
2009ൽ 13കാരിയെ പീഡിപ്പിച്ച കേസിൽ നിന്ന് കോൺഗ്രസ്സ് പ്രവാസി സംഘടന നേതാവിനെ ഒഴിവാക്കാൻ ജോർജ്ജ് എം തോമസ് ഇടപ്പെട്ടു എന്നാണ് സി പി എം സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ച പരാതി. കോൺഗ്രസിന്റെ നേതാവിനെ സംരക്ഷിക്കാൻ അന്ന് എം.എൽ.എ ആയിരുന്ന ജോർജ്ജ് എം തോമസ് പോലീസിൽ സമ്മർദ്ദം ചെലുത്തി. ഇയാൾക്ക് പകരം മറ്റൊരാളെ കേസിൽ പ്രതിചേർത്തു. രണ്ടംഗ കംമ്മീഷനാണ് ഈ പരാതി അന്വേഷിച്ചത്. പരാതിയിൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ ഉൾപ്പെടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നാണ് ജോർജ്ജ് എം തോമസ് കേസിൽ ഇടപെട്ടിട്ടുണ്ടെന്ന് പാർട്ടിക്ക് വ്യക്തമായത്.
തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിൽ ജോർജ് എം തോമസ് തന്നെ പരോക്ഷമായി ഈ കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഏരിയ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുകയാണുണ്ടായത്. ഇതിൽ നിന്നാണ് പോക്സോ കേസിൽ ജോർജ് ഇടപ്പെട്ടുവെന്നുളള വിവരം ലഭിക്കുന്നത്. തുടർന്ന് വിശദമായ അന്വേഷണം നടന്നു.
ഇതിന് പുറമെ ക്വാറി ഉടമകളുടെ രക്ഷാധികാരിയന്നെ നിലയിൽ ക്വാറിക്കാരിൽ നിന്നും പണവും വലിയതോതിൽ സൗജന്യങ്ങളും നേടിയടുത്തു. ചികിത്സയുടെ പേരിൽ സാമ്പത്തിക നേട്ടമുണ്ടാക്കി തുടങ്ങി നിരവധി പരാതികളും പാർട്ടിക്ക് ലഭിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൂടി പങ്കെടുത്ത ജില്ലാകമ്മിറ്റിയിലാണ് ജോർജ്ജ് എം തോമസിനെതിരെ നടപടി വേണമെന്ന ആവശ്യമുയർന്നത്. ഈ ശിപാർശ സംസ്ഥാന സെക്ട്ടേറിയേറ്റ് അംഗീകരിക്കുകയായിരുന്നു.