'മുഖ്യമന്ത്രിയുടെ തിരുത്തൽ തിരിച്ചടിയായി, ഗോവിന്ദന്റെ പത്രസമ്മേളനങ്ങൾ ജനം വിശ്വസിച്ചില്ല'; കോട്ടയത്തും രൂക്ഷവിമർശനം

മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോർജ് എന്നിവരുടെ പ്രകടനം ദയനീയമാണെന്നും ജില്ലാ കമ്മിറ്റി

Update: 2024-06-30 03:34 GMT
Advertising

കോട്ടയം: മുഖ്യമന്ത്രിക്കെതിരെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമർശനം. നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി തോമസ് ചാഴികാടനെ പരസ്യമായി തിരുത്തിയ നടപടി അനുചിതമായെന്ന് വിമർശനം ഉയർന്നു. സംസ്ഥാന കമ്മിറ്റിയിലും മറ്റ് ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് കോട്ടയത്തും മുഖ്യമന്ത്രിക്കെതിരെ അംഗങ്ങൾ വിമർശനമുന്നയിച്ചത്. മന്ത്രിമാരുടെ പ്രകടനം മോശമെന്നും വിമർശനമുണ്ടായി.

മന്ത്രി വി.എൻ വാസവൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിയ്ക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനമുയർന്നത്. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പത്രസമ്മേളനങ്ങൾ ജനങ്ങൾക്ക് വിശ്വസനീയമായിരുന്നില്ലെന്നാണ് കമ്മിറ്റിയിലുയർന്ന പ്രധാന വിമർശനം. തെരഞ്ഞെടുപ്പിന് മുമ്പും പ്രചാരണ സമയത്തും ഗോവിന്ദൻ നടത്തിയ പത്രസമ്മേളനങ്ങൾ പാർട്ടിക്ക് ഒരുതരത്തിലും ഗുണം ചെയ്തില്ലെന്ന് കമ്മിറ്റി വിലയിരുത്തി. ഗോവിന്ദന്റെ പ്രസ്താവനകളും അംഗങ്ങൾ ചർച്ചയിൽ വിമർശിച്ചു.

പാലായിൽ നവകേരള സദസ് വേദിയിൽ വെച്ച്, മുഖ്യമന്ത്രി തോമസ് ചാഴിക്കാടൻ എംപിയെ തിരുത്തിയത് മുന്നണിക്ക് തിരിച്ചടിയായെന്നാണ് കമ്മിറ്റിയിലുയർന്ന വിമർശനം. മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളാ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പിൽ എതിരാളികൾ വിഷയം ആയുധമാക്കിയെന്നും വിമർശനമുയർന്നു.

Full View

മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോർജ് എന്നിവരുടെ പ്രകടനം ദയനീയമാണെന്നായിരുന്നു കമ്മിറ്റി വിലയിരുത്തിയ മറ്റൊരു കാര്യം. കെകെ ശൈലജ വഹിച്ച വകുപ്പിന്റെ അവസ്ഥ ഇപ്പോൾ എന്താണെന്നും ഒരംഗം ചോദിച്ചു.പത്തനംതിട്ടയിൽ തോമസ് ഐസക്ക് അനുയോജ്യനായ സ്ഥാനാർഥി ആയിരുന്നില്ല എന്നതാണ് കമ്മിറ്റിയുടെ മറ്റൊരു വിലയിരുത്തൽ. രാജു ഏബ്രഹാം മത്സരിച്ചിരുന്നെങ്കിൽ ജയ സാധ്യതയുണ്ടായിരുന്നെന്നും അഭിപ്രായമുണ്ടായി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News