ലോക്‌സഭാ തെരഞ്ഞെടുപ്പ്: 12 സീറ്റ് വരെ നേടുമെന്ന് സി.പി.എം വിലയിരുത്തൽ
വോട്ടിങ് ശതമാനം വലിയതോതിൽ ഉയരാത്തത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയാണെന്ന് സി.പി.എം നേതൃത്വം വിലയിരുത്തുന്നു.
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റ് വരെ നേടാനാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തൽ. ബൂത്തുകളിൽനിന്നുള്ള കണക്കുകൾ ക്രോഡീകരിച്ചാണ് പാർട്ടിയുടെ വിലയിരുത്തൽ. വോട്ടിങ് ശതമാനം വലിയതോതിൽ ഉയരാത്തത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയാണെന്ന് സി.പി.എം നേതൃത്വം വിലയിരുത്തുന്നു.
കാസർകോട്, കണ്ണൂർ, വടകര, ആലത്തൂർ, പാലക്കാട്, തൃശൂർ, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, ആറ്റിങ്ങൽ, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്നത്. വടകരയിൽ ബി.ജെ.പി വോട്ടുകൾ കോൺഗ്രസിന് ലഭിച്ചതായാണ് വിലയിരുത്തൽ. എങ്കിലും വടകരയിലെ പാർട്ടി സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ അത് മറികടക്കാനാവുമെന്നാണ് പാർട്ടി കരുതുന്നത്.
ശക്തമായ മത്സരം നടന്ന തൃശൂരിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. വി.എസ് സുനിൽകുമാറിന് മികച്ച വിജയമുണ്ടാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇടുക്കിയിലാണ് സി.പി.എം നേതൃത്വം അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കുന്നത്. ഇവിടെ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോയ്‌സ് ജോർജ് വിജയിക്കുമെന്നാണ് വിലയിരുത്തൽ. ചാലക്കുടിയിൽ ഒരുലക്ഷത്തോളം വോട്ട് ട്വന്റി-ട്വന്റി പിടിച്ചിട്ടുണ്ട്. ഇത് കോൺഗ്രസ് വോട്ടാണെന്നും എൽ.ഡി.എഫ് വിജയത്തിന് ഇത് കാരണമാകുമെന്നും സി.പി.എം വിലയിരുത്തുന്നു.