സി.പി.എം ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് കാസർകോട് തുടക്കം
140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മാർച്ച് 18നു തിരുവനന്തപുരത്ത് സമാപിക്കും
കാസർകോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ യാത്രക്ക് ഇന്ന് കാസർകോട് തുടക്കമാവും.. ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മാർച്ച് 18നു തിരുവനന്തപുരത്തു സമാപിക്കും. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി ഗോവിന്ദൻ നയിക്കുന്ന ആദ്യത്തെ പ്രചാരണ യാത്രയാണ് ജനകീയ പ്രതിരോധ ജാഥ. കേന്ദ്ര സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണമാണ് ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ നടത്തിയ ഗൃഹസന്ദർശന പരിപാടിക്കു ശേഷമാണ് സി.പി.എം ജാഥയ്ക്ക് ഒരുങ്ങുന്നത്. ഇന്ധന സെസ് വർധനവ് ഉൾപ്പെടെ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾക്കുള്ള മറുപടിയും യാത്രയിലൂടെ പാർട്ടി ലക്ഷ്യമിടുന്നു.
സി.എസ് സുജാത, പി.കെ ബിജു, എം.സ്വരാജ്, കെ.ടി ജലീൽ, ജെയ്ക് സി.തോമസ് എന്നിവരാണു ജാഥയിലെ സ്ഥിരാംഗങ്ങൾ. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നാളെ വൈകിട്ട് നാലിനു ഗോവിന്ദനു പതാക കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. മണ്ഡലങ്ങളിലെ സ്വീകരണങ്ങൾ കൂടാതെ പൗരപ്രമുഖരുമായി എം.വി.ഗോവിന്ദൻ നടത്തുന്ന പ്രത്യേക ചർച്ചകളും യാത്രയുടെ ഭാഗമായി നടക്കും. അതേസമയം,ക്വട്ടേഷൻ ഗുണ്ടാ മാഫിയാ സംഘങ്ങൾക്കെതിരെ തില്ലങ്കേരിയിൽ സി.പി.എം വിശദീകരണ യോഗം ഇന്ന് ചേരും.യോഗത്തിൽ പി. ജയരാജൻ പങ്കെടുക്കും.