''കയ്യും വെട്ടും കാലും വെട്ടും, വേണ്ടി വന്നാൽ തലയും വെട്ടും''; കൊലവിളി മുദ്രാവാക്യങ്ങളുമായി സി.പി.എം പ്രകടനം
മണ്ണാർക്കാട്ട് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീൻ നടത്തിയ പ്രകോപനപരമായ പ്രസംഗം വിവാദമാകുകയാണ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോൺഗ്രസ് പ്രതിഷേധങ്ങൾക്കെതിരെ കൊലവിളിയുമായി സി.പി.എം റാലി. ഇന്ന് പെരുമ്പാവൂരിലാണ് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായായിരുന്നു പ്രകടനം.
''അക്രമമാണ് ലക്ഷ്യമെങ്കിൽ, കലാപമാണ് ലക്ഷ്യമെങ്കിൽ... ആരായാലും വേണ്ടില്ലാ... കയ്യും വെട്ടും കാലും വെട്ടും... വേണ്ടിവന്നാൽ തലയും വെട്ടും'' എന്നു തുടങ്ങുന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ഉയർന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള കോൺഗ്രസ് ഗുണ്ടകളുടെ നീക്കത്തിനെതിരായ പ്രതിഷേധം എന്ന പേരിലായിരുന്നു പ്രകടനം.
അതിനിടെ, മണ്ണാർക്കാട്ട് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധത്തിൽ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീൻ നടത്തിയ പ്രകോപനപരമായ പ്രസംഗം വിവാദമാകുകയാണ്. ഒരു ഘട്ടം കഴിഞ്ഞാൽ പൊലീസിനോട് അങ്ങ് മാറിനിൽക്കാൻ പറയുമെന്നും കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെ സുരക്ഷ കൊടുക്കണമെന്ന് ഡി.വൈ.എഫ്.ഐക്ക് അറിയാമെന്നുമായിരുന്നു പ്രസംഗത്തിൽ റിയാസിന്റെ മുന്നറിയിപ്പ്.
''കേരളത്തിലെ ഡി.വൈ.എഫ്.ഐയുടെ ഒന്നരക്കോടി പ്രവർത്തകർ മുഖ്യമന്ത്രിയുടെ സുരക്ഷയങ്ങ് ഏറ്റെടുത്താൽ പുന്നാര മക്കളേ, യൂത്ത് കോൺഗ്രസേ, യൂത്ത് ലീഗേ നിങ്ങളൊന്ന് കരുതിയിരിക്കണം. ഞങ്ങളത് നടപ്പിലാക്കും. പിന്നെ ആ സുരക്ഷ എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ കരുതണം. രാജ്യത്തെ ഒന്നേകാൽ ലക്ഷം വരുന്ന പൊലീസും രാജ്യത്തെ കോടിക്കണക്കിനു പട്ടാളവും നിങ്ങൾക്ക് സുരക്ഷയൊരുക്കിയാലും ഒരു വീട്ടിലും കിടന്നുറങ്ങാൻ കേരളത്തിന്റെ മണ്ണിൽ ഞങ്ങൾ അനുവദിക്കില്ല.'' വിവാദ പ്രസംഗത്തിൽ റിയാസുദ്ദീന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തിൽ മണ്ണാർക്കാട്ട് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം നടന്നത്. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കെ.സി റിയാസുദ്ദീൻ.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യഹരജി തിരുവനന്തപുരം ജില്ലാ കോടതി തള്ളി. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരുടെ ഹരജിയാണ് തള്ളിയത്. ഈ മാസം 26 വരെ ഇവരുടെ ജുഡിഷ്യൽ കസ്റ്റഡി തുടരും. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിലുള്ള അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ഒന്നാം പ്രതി ഫർസീൻ മജീദ് ഗുണ്ടാ ലിസ്റ്റിൽപെട്ടയാളാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രതിക്കെതിരെ 13 കേസുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ, വിമാനത്തിൽ അക്രമം കാട്ടിയത് ഇ.പി ജയരാജനാണെന്നും അദ്ദേഹത്തെ കേസിൽനിന്ന് ഒഴിവാക്കിയത് നിഗൂഢമാണെന്നും പ്രതിഭാഗം വാദിച്ചു. ഇക്കാര്യം കേസിൽ ഒരിടത്തും പരാമർശിച്ചില്ലെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി.
Summary: CPM protest in Perumbavoor against Congress with provocative slogans