പത്മകുമാറിനെതിരായ നടപടി സിപിഎം സംസ്ഥാന സമിതി തീരുമാനിക്കും; ചർച്ച ചെയ്യാതെ ജില്ലാ സെക്രട്ടേറിയറ്റ്
ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റിൽ കേന്ദ്ര സർക്കാരിനെതിരെ 17ന് നടത്താനിരിക്കുന്ന മാർച്ച് ആണ് ചർച്ചയായതെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
പത്തനംതിട്ട: പത്തനംതിട്ടയിലെ സിപിഎം നേതാവ് എ. പത്മകുമാറിനെതിരായ നടപടി സംസ്ഥാന സമിതിക്ക് വിട്ടു. ഇന്നു ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ വിഷയം ചർച്ച ചെയ്തില്ല. സംസ്ഥാന സമിതിയിൽ വിശദമായി ചർച്ച ചെയ്ത ശേഷം നടപടി തീരുമാനിക്കും. മറ്റന്നാളാണ് സംസ്ഥാന സമിതി ചേരുന്നത്.
പത്മകുമാറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയം ഇന്നത്തെ ജില്ലാ കമ്മിറ്റി ചർച്ച ചെയ്തില്ലെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന കമ്മിറ്റിയിലാണ് അത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നത്. വിഷയം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. പ്രത്യേക നിർദേശമൊന്നും ലഭിച്ചില്ല. ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റിൽ കേന്ദ്ര സർക്കാരിനെതിരെ 17ന് നടത്താനിരിക്കുന്ന മാർച്ച് ആണ് ചർച്ചയായതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതിനെതിരെയും മന്ത്രി വീണാ ജോർജിനെ ക്ഷണിതാവാക്കിയതിനുമെതിരെ പ്രതിഷേധം ഉയർത്തിയ പത്മകുമാർ പിന്നീട് പാർട്ടിക്ക് വഴങ്ങിയിരുന്നു. ജില്ലാ സെക്രട്ടറി രാജു എബ്രഹാം പത്മകുമാറിനെ വീട്ടിലെത്തി സന്ദർശിക്കുകയും സംസ്ഥാന നേതാക്കളിൽ പലരും ഫോണിൽ സംസാരിക്കുകയും ചെയ്തോടെയാണ് പത്മകുമാർ നിലപാട് മയപ്പെടുത്തിയത്.
പരസ്യ പ്രതികരണത്തിന്റെ പേരിൽ അച്ചടക്ക നടപടി എന്തായാലും അത് സ്വീകരിക്കുമെന്നും പാർട്ടി ഘടകത്തിൽ പറയേണ്ട കാര്യങ്ങൾ പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. തന്നെ വളർത്തിയെടുത്ത പ്രസ്ഥാനമാണ് സിപിഎം. പാർട്ടിക്ക് പൂർണ വിധേയനാണെന്നും മരിക്കുമ്പോൾ നെഞ്ചത്ത് ചുവന്ന കൊടി ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും പത്മകുമാർ വിശദീകരിച്ചിരുന്നു.
തുടർന്ന്, ഇന്ന് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പത്മകുമാറും പങ്കെടുത്തു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. വിഷയം രമ്യമായി പരിഹരിക്കാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദേശം. മറ്റന്നാൾ ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ പത്മകുമാറിന്റെ വിഷയം ചർച്ച ചെയ്യുമെന്നാണ് ജില്ലാ സെക്രട്ടറി നൽകിയ സൂചന.