‘മലപ്പുറം ജില്ല അനുവദിക്കുന്നതിന് സിപിഎം എതിരായിരുന്നു’ ; കെ.ടി ജലീലിന് മറുപടിയുമായി അബ്ദുറബ്ബ്
‘സിപിഎമ്മിന്റെയും ഇഎംഎസിന്റെയും കുതന്ത്രങ്ങൾക്ക് വഴിപ്പെടാതെയാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ല നേടിയെടുത്തത്’
കോഴിക്കോട്: 1969ൽ മലപ്പുറം ജില്ലാ രൂപീകരണത്തിന് നേതൃത്വം കൊടുത്തത് ഇഎംഎസ് നമ്പൂതിരിപ്പാടാണെന്ന കെ.ടി ജലീൽ എംഎൽഎയുടെ നിയമസഭയിലെ പ്രസംഗത്തിനെതിരെ മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ്. സിപിഎമ്മിന്റെയും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും പലതരത്തിലുമുള്ള കുതന്ത്രങ്ങൾക്കും വഴിപ്പെടാതെയാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ല നേടിയെടുത്തതെന്ന് പി.കെ അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മലപ്പുറം ജില്ല അനുവദിക്കുന്നതിൽ സിപിഎം തത്വത്തിൽ എതിരായിരുന്നു. എല്ലാ പുസ്തകങ്ങളും വായിച്ചു നടക്കാറുള്ള കെ.ടി. ജലീൽ, സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ ജീവചരിത്രവും കെ.ആർ ഗൗരിയമ്മയുടെ ആത്മകഥയും ഒരാവർത്തി വായിക്കുന്നത് നന്നായിരിക്കുമെന്നും അബ്ദുറബ്ബ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
1967 ൽ മുസ്ലിം ലീഗുമായുള്ള സഖ്യ ചർച്ചകൾക്ക് ഇ.എം.എസ് നമ്പൂതിരിപ്പാട് കോഴിക്കോട്ടെത്തി. കോഴിക്കോട് ബി വി അബ്ദുള്ള കോയ സാഹിബിന്റെ വസതിയിലായിരുന്നു ചർച്ചകൾ നടന്നത്. സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് നേതാക്കൾ ഇ.എം.എസിനെ സ്വീകരിച്ചു.
മുന്നണി അധികാരത്തിൽ വന്നാൽ നടപ്പിലാക്കേണ്ട ആവശ്യങ്ങൾ ഇ.എം.എസിന് മുന്നിൽ നേതാക്കൾ നിരത്തി. മലപ്പുറം ജില്ല രൂപീകരണവും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായിരുന്നു അതിൽ പ്രധാനം. ആദ്യ ഘട്ടത്തിൽ എതിർത്തുവെങ്കിലും ബി.വിയുടെ വീട്ടിൽ തന്നെ നടന്ന തുടർ ചർച്ചകളിൽ ഇ.എം.എസ് അതൊക്കെ പിന്നീട് സമ്മതിച്ചു.. അങ്ങിനെയാണ് 1967 ൽ സിപിഐ എം - മുസ്ലിം ലീഗ് സഖ്യം യഥാർഥ്യമായത്.
മുന്നണി അധികാരത്തിൽ വന്നു. ലീഗ് ഇല്ലാതെയും ഭരിക്കാനുള്ള ഭൂരിപക്ഷം സർക്കാറിനുണ്ട്. ലീഗിന്റെ ആവശ്യങ്ങൾക്ക് നേരെ ഇ.എം.എസ് പുറം തിരിഞ്ഞുനിന്നു. മുസ്ലിം ലീഗിന്റെ ആവശ്യങ്ങളിൽ ധാരണ ഉണ്ടായിരുന്നില്ലെന്ന നിലപാടിലായിരുന്നു ഇ.എം.എസ്.
സി.പി.എമ്മും മുന്നണി ഘടകകക്ഷികളും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായി. എങ്ങും പരാതികളും കുറ്റപ്പെടുത്തലുകളും മാത്രം. ആക്ഷേപങ്ങളും, ആരോപണങ്ങളും പരസ്പരം കോരിച്ചൊരിയുന്നു, മുന്നണിക്ക് രൂപം കൊടുത്ത വേളയിൽ നമ്പൂതിരിപ്പാട് നൽകിയതായി പറയപ്പെടുന്ന ഉറപ്പിനെപ്പറ്റിയായി തർക്കം...ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ബാഫഖി തങ്ങൾ, നൽകിയിട്ടില്ലെന്ന് നമ്പൂതിരിപ്പാടും...!
ഇരുകൂട്ടർക്കും സാക്ഷി പറയാൻ വേണ്ടത്ര ആളുകളുണ്ട്. പക്ഷെ അതുകൊണ്ടായില്ല.
ഗത്യന്തരമില്ലാതെ അവസാനം ബാഫഖി തങ്ങൾ തന്റെ നീളൻ കുപ്പായത്തിനുള്ളിൽ നിന്നും 'ചക്രായുധം' പുറത്തെടുത്തു. വിദേശ നിർമ്മിതമായ ഒരു ടേപ്പ് റിക്കോർഡർ ആയിരുന്നു ആ ആയുധം. ബാഫഖി തങ്ങൾ ബട്ടൺ അമർത്തിയതോടെ ടേപ്പ് റിക്കോർഡർ ശബ്ദിക്കാൻ തുടങ്ങി. സാക്ഷാൽ ഇ.എം.എസിന്റ ശബ്ദം. നൽകിയെന്ന് ബാഫഖി തങ്ങളും, നൽകിയിട്ടില്ലെന്ന് നമ്പൂതിരിപ്പാടും തറപ്പിച്ചു പറഞ്ഞ ഉറപ്പ് നമ്പൂതിരിപ്പാടിന്റെ ശബ്ദത്തിൽ തന്നെ പുറത്തു വരുന്നു. ഇ.എം.എസുമായുള്ള അന്നത്തെ ചർച്ചകൾ മുഴുവൻ ബാഫഖി തങ്ങൾ റെക്കാർഡ് ചെയ്തിരുന്നു. കാസറ്റ് റെക്കോർഡർ പ്ലേ ചെയ്തതോടെ ഇ.എം.എസ് വെട്ടിലായി. ലീഗിന്റെ ആവശ്യങ്ങൾക്ക് മനസ്സില്ലാ മനസ്സോടെയെങ്കിലും ഇ.എം.എസ്സിന് പിന്നീട് സമ്മതിക്കേണ്ടി വന്നു.
*************************************
ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലയുടെ നാൽപതാം വാർഷികമാഘോഷിച്ച സന്ദർഭം; അത് ഉദ്ഘാടനം ചെയ്യാൻ വേണ്ടി വന്നത് കെ.ആർ ഗൗരിയമ്മയായിരുന്നു. മലപ്പുറം ജില്ല അനുവദിക്കുമ്പോൾ റവന്യൂവകുപ്പ് മന്ത്രി ഗൗരിയമ്മയായിരുന്നു. അന്ന് കോട്ടക്കലിൽ വെച്ച് ഗൗരിയമ്മ പറഞ്ഞു, 'ഈ ജില്ല അനുവദിക്കുന്നതിൽ തത്വത്തിൽ സി.പി.എം പാർട്ടി എതിരായിരുന്നു. ഈ ജില്ലക്ക് അനുവാദം നൽകാതിരിക്കാൻ പാർട്ടി കമ്മിറ്റിയുടെ തീരുമാനപ്രകാരം ഞങ്ങൾ ശ്രമിച്ചിരുന്നു. ജില്ല അനുവദിക്കാനിരിക്കുന്ന ക്യാബിനറ്റ് മീറ്റിങ്ങിലേക്ക് വരുമ്പോഴും ആ തീരുമാനം നീട്ടിക്കൊണ്ടുപോകാനുള്ള പല തന്ത്രങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ലീഗിതര മന്ത്രിമാർ ചർച്ച ചെയ്തിരുന്നു.
പാലക്കാട് ,കോഴിക്കോട് ജില്ലാ കലക്ടർമാരിൽ നിന്ന് അതനുസരിച്ചുള്ള റിപ്പോർട്ടുകൾ തേടിയിരുന്നു.. പക്ഷേ സി.എച്ച് മുഹമ്മദ് കോയയുടെ വാദഗതികൾക്കു മുന്നിൽ ആർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അൽപസമയം കൂടി തീരുമാനം നീട്ടിവെച്ചു കൂടെ എന്ന മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ചോദ്യത്തിനു 'ഇപ്പോഴല്ലെങ്കിൽ പിന്നെയൊരിക്കലുമില്ല' എന്നായിരുന്നു സി.എച്ചിൻ്റെ മറുപടി. സി എച്ചിന്റെ ആ പ്രഖ്യാപനത്തിനു മുമ്പിൽ ഞങ്ങൾ ഒരുക്കിക്കൊണ്ടുവന്ന റിപ്പോർട്ടുകൾ ചവറ്റുകൊട്ടയിലേക്ക് ഇടേണ്ടി വന്നു.
സി.പി.ഐ എമ്മിന്റെയും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും പലതരത്തിലുമുള്ള കുതന്ത്രങ്ങൾക്കും വഴിപ്പെടാതെയാണ് മുസ്‌ലിംലീഗ് മലപ്പുറം ജില്ല നേടിയെടുത്തതെന്ന് കെ.ആർ ഗൗരിയമ്മയുടെ ആത്മകഥയിലും അവർ വ്യക്തമാക്കുന്നുണ്ട്.
എല്ലാ പുസ്തകങ്ങളും വായിച്ചു നടക്കാറുള്ള ശ്രീമാൻ കെ.ടി.ജലീൽ, സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ ജീവചരിത്രവും കെ.ആർ. ഗൗരിയമ്മയുടെ ആത്മകഥയും ഒരാവർത്തി വായിക്കുന്നത് നന്നായിരിക്കും.
സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ ആ കാസറ്റ് റെക്കോർഡറാണ് ചിത്രത്തിൽ.