സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്; ആദ്യ അന്വേഷണത്തിൽ വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്
രണ്ട് ഡി.വൈ.എസ്പിമാരടക്കമുള്ളവർ വീഴ്ച വരുത്തി. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവിയടക്കമുള്ളവർക്ക് ഇപ്പോഴത്തെ അന്വേഷണ സംഘം റിപ്പോർട്ട് നൽകി
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ വീഴ്ച വന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് . രണ്ട് ഡി.വൈ.എസ്പിമാരടക്കമുള്ളവർ വീഴ്ച വരുത്തി. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവിയടക്കമുള്ളവർക്ക് ഇപ്പോഴത്തെ അന്വേഷണ സംഘം റിപ്പോർട്ട് നൽകി.
ആദ്യ അന്വേഷണ സംഘത്തിന് നിരവധി വീഴ്ചകൾ സംഭവിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. തെളിവുകൾ കൃത്യമായി ശേഖരിക്കാത്തതിനൊപ്പം ശേഖരിച്ച തെളിവുകൾ കാണാതായെന്നും ക്രൈംബ്രാഞ്ച് എസ്.പി സുനിൽ സമർപ്പിച്ച റിപ്പോർട്ട് വിശദീകരിക്കുന്നു. ഈ രേഖകൾ വീണ്ടെടുക്കാൻ കാലതാമസം ഉണ്ടായി. ഇതാണ് പ്രതികളിലേക്ക് എത്തുന്നത് വൈകാൻ കാരണം. ചില പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ ഫോൺ വിശാംശങ്ങൾ പരിശോധിച്ചത് കേസ് ഡയറിയുടെ ഭാഗമാക്കാതിരുന്നതും വീഴ്ചയാണ്.
ഒന്നാം പ്രതി പ്രകാശിന്റെ മരണത്തിലെ ദുരൂഹത വിളപ്പിൽശാല പോലീസ് വിശദമായി അന്വേഷിച്ചില്ല. ഇതും പ്രതികളെ കണ്ടെത്തുന്നത് വൈകിക്കാൻ ഇടയാക്കിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുള്ളത്. രണ്ട് ഡിവൈഷസ്പിമാർ , വിളപ്പിൽ ശാല , പൂജപ്പുര സ്റ്റേഷനുകളിലെ പൊലിസുദ്യോഗസഥർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ശിപാർശ. ക്രൈംബ്രാെഞ്ച് മേധാവിക്ക് പുറമേ സംസ്ഥാന പോലീസ് മേധാവിക്കും റിപ്പോർട്ട് കൈമാറി.