മോൻസനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആരെയും പ്രതിചേർക്കാതെ ക്രൈംബ്രാഞ്ച്
പരാതിക്കാരിയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി എറണാകുളം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത്.
മോന്‍സനെതിരായ പോക്സോ കേസിലെ പരാതിക്കാരിയെ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആരെയും പ്രതിചേര്‍ക്കാതെ ക്രൈംബ്രാഞ്ച്. എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിശദീകരണം. ആരോപണവിധേയരായ ഡോക്ടര്‍മാരുടെ ഫോണ്‍രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കും.
പരാതിക്കാരിയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി എറണാകുളം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത്. ലേബര്‍ റൂമിനുള്ളില്‍ ഡോക്ടര്‍മാര്‍ പൂട്ടിയിട്ടെന്നും ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടും ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
പെണ്‍കുട്ടിയുടെയും ഡോക്ടര്‍മാരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ദൃശ്യങ്ങളില്‍ നിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. സംഭവം നടന്നത് ലേബര്‍ റൂമിന് ഉള്ളില്‍ വെച്ചാണെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ലേബര്‍ റൂമില്‍ സിസിടിവി ഇല്ലാത്തതിനാല്‍ തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വാദം.
വൈദ്യപരിശോധനയുടെ ഭാഗമായുള്ള സംശയങ്ങളാണ് പെണ്‍കുട്ടിയോട് ചോദിച്ചതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഡോക്ടര്‍മാര്‍. മോന്‍സന്റെ മകന്‍ പഠിക്കുന്നത് എറണാകുളം മെഡിക്കല്‍ കോളജിലാണ്. മോന്‍സനുമായോ മോന്‍സന്റെ മകനുമായോ ഡോക്ടര്‍മാര്‍ക്ക് ബന്ധം ഉണ്ടോ എന്നറിയാന്‍ ഇവരുടെ ഫോണ്‍രേഖകള്‍ അന്വേഷണസംഘം പരിശോധിക്കും. മെഡിക്കല്‍ കോളജിലെ മറ്റു ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തും. പോക്സോ കേസില്‍ കഴിഞ്ഞദിവസം മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേസില്‍ നാളെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.