എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ക്രൈംബ്രാഞ്ച് യുവതിയുടെ മൊഴിയെടുക്കും
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എംഎൽഎക്കെതിരെ കോവളം പൊലീസ് കേസെടുത്തിട്ടുള്ളത്
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുക്കും. മുൻകൂർ ജാമ്യാപേക്ഷയുമായി എൽദോസ് തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എംഎൽഎക്കെതിരെ കോവളം പൊലീസ് കേസെടുത്തിട്ടുള്ളത്. എംഎൽഎ ലൈംഗികമായി പീഡിപ്പിച്ചെന്നും ശാരീരിക അതിക്രമം നേരിടേണ്ടി വന്നെന്നും മജിസ്‌ട്രേറ്റ് മുമ്പാകെ യുവതി മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, എഫ് ഐ ആറിൽ ലൈംഗിക പീഡനം സംബന്ധിച്ച് പരാമർശമില്ല. പരാതിക്കു ശേഷം യുവതി മൊഴി നൽകാൻ എത്താതിരുന്നതിനാൽ ഇക്കാര്യം രേഖപ്പെടുത്തിയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം . മർദ്ദിച്ചതിനും താമസ സ്ഥലത്ത് എത്തി ഭീഷണിപ്പെടുത്തിയതിനുമാണ് എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തത്. സ്ത്രീയെ ആക്രമിച്ചതിന് 354 വകുപ്പ് ചുമത്തിയും സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ, ഉപദ്രവിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മാസം 14നാണ് എൽദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. ഇവിടെ വെച്ച് വാക്കുതർക്കമുണ്ടാവുകയും എൽദോസ് യുവതിയെ ദേഹോപ്രദവം ഏൽപ്പിച്ചെന്നുമാണ് പരാതി. തിങ്കളാഴ്ച വൈകിട്ടു കോവളം സ്റ്റേഷനിൽ ഹാജരായ യുവതി പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്ന് അറിയിച്ചിരുന്നു. യുവതിയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസിനും പരാതി ലഭിച്ചിരുന്നു.