‘ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളില്ല’; സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം

‘പൊലീസ്​ സ്​റ്റേഷനിൽ ബിജെപിക്കാർക്കും SDPIക്കാർക്കും നല്ല പരിഗണന കിട്ടുന്നു’

Update: 2024-12-22 04:09 GMT
Advertising

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിവിധ സർക്കാർ വകുപ്പുകൾക്കെതിരെ വിമർശനം. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ പോലുമില്ല. രാത്രി കാലങ്ങളിൽ ഡോക്ടർമാരുമില്ലെന്നും പ്രതിനിധികൾ വിമർശനമുയർത്തി.

പൊലീസ് സ്റ്റേഷനിൽ പാർട്ടിക്കാർക്ക് നീതി കിട്ടുന്നില്ലെന്നും പരാതിയുയർന്നു. പാർട്ടിക്കാരാണെന്ന് പറഞ്ഞാൽ അവഗണന നേരിടുകയാണ്​. എന്നാൽ, ബിജെപിക്കാർക്കും SDPIക്കാർക്കും നല്ല പരിഗണന കിട്ടുന്നുവെന്നും പ്രതിനിധികൾ സമ്മേളന ചർച്ചയിൽ പ്രതിനിധികൾ വിമർശിച്ചു.

വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമെന്നും വിമർശനമുണ്ട്​. പൊതുചർച്ചയിലാണ് വിമർശനം. വിദ്യാഭ്യാസ വകുപ്പിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് എല്ലാം തീരുമാനിക്കുന്നത്. ശക്തനായ മന്ത്രിയുണ്ടായിട്ട് പോലും ഒന്നും ചെയ്യാനാവുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയും ആഭ്യന്തര വകുപ്പിനെതി​​രെ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. എം.ആർ അജിത്​ കുമാറിന് ഡിജിപിയായി മന്ത്രിസഭ സ്ഥാനക്കയറ്റം നൽകേണ്ടിയിരുന്നില്ല. കോടതി നിർദേശമായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. സർക്കാർ അത് ചെയ്യേണ്ടിയിരുന്നില്ലെന്നും പ്രതിനിധികൾ പറഞ്ഞു.

പാർട്ടിയിൽ അടിമുടി തിരുത്തൽ വേണമെന്ന് സംഘടനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതിയുണ്ടായി. മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തത് മനസ്സിലാക്കിയവർ പാർട്ടിക്ക് റിപ്പോർട്ട് ചെയ്തില്ലെന്നും സംഘടനാ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.

സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും നേരെ വിമർശനമുയർന്നു. ഡിവൈഎഫ്ഐ ചാരിറ്റി സംഘടനയായി മാറിയെന്നാണ്​ വിമർശനം. തൊഴിലില്ലായ്മക്കെതിരെയുള്ള സമരങ്ങൾ ഏറ്റെടുക്കാനാകുന്നില്ല. വർഗീയതയ്ക്കെതിരെയും ഒന്നും ചെയ്യുന്നില്ല.

തദ്ദേശ, ഉന്നത വിദ്യാഭ്യാസ, ധന വകുപ്പുകൾക്കെതിരെയും വിമർശനമുയർന്നു. സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമാണെന്നും സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. 12 ഏരിയാ കമ്മിറ്റികൾ വിഷയങ്ങൾ അവതരിപ്പിച്ചു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News