നവജാത ശിശുവിനെ വിറ്റ കേസിൽ അന്വേഷണം ഊർജിതം; ദമ്പതികളെ വീണ്ടും ചോദ്യം ചെയ്യും

കുഞ്ഞിന്‍റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്

Update: 2023-04-22 01:17 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി

Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടിയെ വാങ്ങിയ യുവതിയുടെ മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ദമ്പതികളെ വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യും. കുഞ്ഞിന്‍റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.

താൻ പ്രസവിച്ച കുഞ്ഞെന്നായിരുന്നു യുവതി ആദ്യം നൽകിയ മൊഴി. പിന്നീട് വിശദമായ അന്വേഷണത്തിൽ ഇത് കളവ് ആണെന്ന് പൊലീസിന് വ്യക്തമായി. ആദ്യം തന്നെ നുണ പറഞ്ഞതിനാൽ തുടർന്നുള്ള മൊഴിയും പൊലീസ് പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. മൊഴിയിലെ ചില അവ്യക്തതകളും പൊലീസിനെ കുഴക്കുന്നുണ്ട്. കുഞ്ഞിന്‍റെ അമ്മയെ രണ്ടുവർഷമായി അറിയാമെന്നായിരുന്നു യുവതി പറഞ്ഞത്. ജോലി സ്ഥലത്ത് വച്ച് കണ്ട പരിചയം പിന്നീട് സൗഹൃദമായി വളർന്നു. കുഞ്ഞിനെ വാങ്ങിയ യുവതി കോവളത്ത് ഒരു റിസോർട്ടിൽ ജോലി ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നു. അതേസമയം കുഞ്ഞിനെ വിറ്റ മാതാപിതാക്കൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.



ആശുപത്രിയിൽ നൽകിയിരുന്നത് പൊഴിയൂർ സ്വദേശിയായ വ്യക്തിയുടെ പേരിലുള്ള മൊബൈൽ നമ്പർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സിം യുവതി തന്നെ ഉപയോഗിച്ചു എന്നാണ് വിലയിരുത്തൽ. സിം ഉപയോഗിച്ച മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിൽപ്പനയിൽ ഇടനിലക്കാരുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി ഡബ്ല്യു സിയും വ്യക്തമാക്കി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News