നിശബ്ദപ്രചാരണത്തിൽ പോലും വിവാദം അലയടിച്ച പാലക്കാട്; വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്
184 പോളിങ് ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്
പാലക്കാട്: വാശിയേറിയ പ്രചരണത്തിനും വിവാദങ്ങളുടെ കുത്തൊഴുക്കിനും ശേഷം പാലക്കാട് പോളിങ് ബൂത്തിലേക്ക്. മോക് പോളിങ് ആരംഭിച്ചു. ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. 184 പോളിങ് ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്.
തികഞ്ഞ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. എൽ.ഡി.എഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ഉൾപ്പടെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തും. വ്യാജ വോട്ട് തടയാൻ നടപടികൾ സ്വീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. മണ്ഡലത്തിൽ 7 പ്രശ്ന ബാധിത ബൂത്തുകളും 58 പ്രശ്ന സാധ്യത ബൂത്തുകളുമുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങൾ കൊണ്ട് ശ്രദ്ധനേടിയ മണ്ഡലമാണ് പാലക്കാട്. യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പി.സരിൻ രംഗത്തെത്തിയതായിരുന്നു തുടക്കം. സരിൻ പിന്നീട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി. ട്രോളി വിവാദം, കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറിയിലെ പാതിരാ പരിശോധന, ഇരട്ടവോട്ട്, സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം, ഏറ്റവുമൊടുവിൽ എൽഡിഎഫിന്റെ പരസ്യവിവാദം... എല്ലാം കൊണ്ടും ട്വിസ്റ്റുകളുടെ കുത്തൊഴുക്കായിരുന്നു പാലക്കാട്.