പി.എഫ്.ഐ ഹര്‍ത്താലിലെ നാശനഷ്ടം; ലീഗ് മെമ്പറുടെ സ്വത്തും കണ്ടുകെട്ടിയെന്ന് പരാതി
എടരിക്കോട് പഞ്ചായത്ത് മെമ്പർ സി.ടി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജപ്‍തി നോട്ടീസ് പതിച്ചത്
മലപ്പുറം: പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി ലീഗ് പ്രതിനിധിയായ പഞ്ചായത്ത് അംഗത്തിന്റെ സ്വത്തും കണ്ടുകെട്ടിയെന്ന് പരാതി. എടരിക്കോട് പഞ്ചായത്ത് മെമ്പർ സി.ടി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കണ്ട് കെട്ടൽ നോട്ടീസ് പതിച്ചത്. മറ്റൊരാളുടെ പേരിന്റെ സാമ്യം കൊണ്ടാണ് നടപടിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും അഷ്‌റഫ് മീഡിയവണ്ണിനോട് പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ നാശനഷ്ടം ഈടാക്കുന്നതിനുള്ള ജപ്തി നടപടികളിൽ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്ഥലംകണ്ടുകെട്ടിയതായി ഇന്ന് രാവിലെ മുതല്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു. രാവിലെ അങ്ങാടിപ്പുറത്ത് രണ്ട് പേർക്കാണ് ജപ്തി നേരിടേണ്ടി വന്നത്. അഡ്രസുകളിലെ സാമ്യത കൊണ്ട് ഉദ്യോഗസ്ഥർ തെറ്റായി ജപ്തി ചെയ്യുകയായിരുന്നുവെന്നുവെന്നാണ് നടപടി നേരിട്ടവർ പറയുന്നത്.
സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതുവരെ നൂറോളം നേതാക്കന്മാരുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. തിരുവനന്തപുരം, എറണാകുളം കോഴിക്കോട് ജില്ലകളിൽ ജപ്തി നടപടികൾ പൂർത്തിയായി. കൊല്ലം ജില്ലയില്‍ ഇന്ന് ജപ്തി നടപടികൾ ഉണ്ടായില്ല.
നഷ്ടപരിഹാരതുക അടക്കുന്നതിനായി 15 ദിവസം അനുവദിക്കുമെന്ന് കോഴിക്കോട് റവന്യു റിക്കവറി തഹസീൽദാർ അറിയിച്ചു. മറ്റു ജില്ലകളില്‍ അടിയന്തരമായ ഒഴിപ്പിക്കൽ ഉണ്ടാകില്ല. ഹർത്താൽ ദിനത്തിൽ 5.20 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കുകൾ. നഷ്ടപരിഹാരത്തുക ഈടാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് കാട്ടി സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയ പശ്ചാത്തലത്തിലാണ് തിരക്കിട്ട നടപടി.