താനൂർ കസ്റ്റഡി കൊലപാതക കേസിൽ ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റം ചുമത്തി
താമിർ ജിഫ്രിയെ നേരിട്ട് മർദ്ദിച്ചവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്
മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതക കേസിൽ ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് എതിരെ കൊലകുറ്റം ചുമത്തി. താമിർ ജിഫ്രിയെ നേരിട്ട് മർദ്ദിച്ചവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. നേരത്തെ കൊലക്കുറ്റം ചുമത്തിയെങ്കിലും ആരെയും പ്രതിചേർത്തിരുന്നില്ല. ഡാൻസാഫ് ഉദ്യോഗസ്ഥരായ നാല് പേരെ സസ് പെൻഡ് ചെയ്തിരുന്നു. എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥനാണ് ഇതിലൊരാൾ.
താനൂർ പൊലീസ് സ്റ്റേഷനിലെ ജിനേഷാണ് ഒന്നാം പ്രതി. പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഓ ആൽബിൻ അഗസ്റ്റിനാണ് രണ്ടാം പ്രതി. കൽപ്പകഞ്ചേരി സ്റ്റേഷനിലെ സി.പി.ഓ അഭിമന്യുവാണ് മൂന്നാം പ്രതി. തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഓ വിപിനാണ് നാലാം പ്രതി. എസ്.ഐ കൃഷ്ണലാൽ ഉൾപ്പടെയുള്ള മറ്റു നാലുപേർ ഇപ്പോൾ സസ്‌പെൻഷനിലാണ്. ഇവർക്കെതിരെയും കൊലക്കുറ്റം ചുമത്തുമെന്നാണ് സൂചന. പരപ്പനങ്ങാടി സ്റ്റേഷനിലാണ് ക്രൈംബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൈമാറിയത്.