ശബരിമലയിൽ ദർശന സമയം കൂട്ടാൻ തീരുമാനം; രാവിലെയും വൈകിട്ടും അരമണിക്കൂർ അധികസമയം

ദർശന സമയം ഒരു മണിക്കൂർ കൂട്ടാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു

Update: 2022-12-11 07:41 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംതിട്ട: ശബരിമലയിൽ ദർശന സമയം കൂട്ടാൻ തീരുമാനം. രാവിലെയും വൈകിട്ടും അരമണിക്കൂർ വീതമാണ് ദർശന സമയം കൂട്ടുക. ഇത് പ്രകാരം നേരത്തെ 18 മണിക്കൂറായിരുന്ന ദർശന സമയം 19 മണിക്കൂറായി മാറും. തിരക്ക് വർധിച്ച സാഹചര്യത്തിൽ സമയം കൂട്ടാനാകുമോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചിരുന്നു. ഇതേ തുടർന്ന് തന്ത്രി കണ്ഠരര് രാജീവരും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ദഗോപനും എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാറും കൂടിയാലോചിച്ച ശേഷമാണ് സമയക്രമം തീരുമാനിച്ചത്.

ശബരിമല മരക്കൂട്ടത്ത് തിരക്കിൽ പെട്ട് തീർഥാടകർക്ക് അപകടം പറ്റിയതിൽ സ്പെഷൽ കമ്മീഷണറോട് ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. നിലക്കലിലെ പാർക്കിങ് പരിധി കഴിഞ്ഞാൽ ഗതാഗതം കർശനമായി നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി കേസ് പരിഗണിക്കുന്നത്. പത്തനംതിട്ട ജില്ലാ കലക്ടർ ഓൺലൈനായി കോടതിയിൽ ഹാജരായി.

ളാഹ മുതൽ നിലയ്ക്കൽ വരെ പൊലീസ് പട്രോളിങ് ഉണ്ടാകണമെന്ന കോടതി പറഞ്ഞു. ആരും ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം, ശബരിമലയിലെ തിക്കും തിരക്കും കൂടുന്നതിനാൽ വെർച്വൽ ക്യൂ ബുക്കിങ് കുറയ്ക്കണമെന്ന് പൊലീസ്. പ്രതിദിന പ്രവേശനം 85000 പേർക്കായി ചുരുക്കണമെന്നാണ് പൊലീസ് നിർദേശം. നിലവിൽ പ്രതിദിനം ബുക്കിംഗിന് അവസരം പ്രതിദിനം 1.2 ലക്ഷം പേർക്കാണ്. തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നതോടെ ഇന്നലെ തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടർനടപടി നിശ്ചയിക്കാൻ നാളെ പൊലീസ്-ദേവസ്വംബോർഡ് ഉന്നതതലയോഗം ചേരും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News