"പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയെ ഏൽപ്പിച്ചിട്ടില്ല, പിന്നിൽ ഗൂഢാലോചന"; ഇ.പി ജയരാജൻ
"പുസ്തം എഴുതിത്തീർന്നിട്ടില്ല, വന്നത് എഴുതാത്ത കാര്യങ്ങൾ"
കണ്ണൂർ: തനിക്കെതിരായ പുസ്തകവിവാദത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് ഇ.പി ജയരാജൻ. ഡിസി ബുക്‌സിനെ പുസ്തകം പുറത്തിറക്കാൻ നിർദേശിച്ചിട്ടില്ല. വിഷയത്തിൽ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണം സ്വീകരിക്കാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പുസ്തകപ്രകാശനത്തെക്കുറിച്ച് വാർത്ത വന്നതിന് ശേഷമാണ് സംഭവം അറിയുന്നത്. താൻ പ്രസാധകനായ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ താൻ അവിടെ ഉണ്ടാവേണ്ടതല്ലേ.
തന്റെ പുസ്തം നിലവിൽ എഴുതിക്കൊണ്ടിരിക്കുകയാണ്. വിശ്വസ്തനായ ഒരു പത്രപ്രവർത്തകനാണ് ആ പുസ്‌കതം എഴുതുന്നത്. അദേഹത്തിന്റെ കയ്യിൽ നിന്ന് ഒരു വിവരവും ചോരില്ല. താൻ എഴുതാത്ത കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുസ്തകത്തിൻ്റെ അവസാന ഭാഗങ്ങൾ താൻ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
തന്നെ വ്യക്തഹത്യ ചെയ്യുക വഴി പാർട്ടിയ തകർക്കുക, തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക എന്നതാണ് ആരുടെയോ ഗൂഢലക്ഷ്യം.
എന്തുകൊണ്ടാണ് എല്ലാ വിവാദങ്ങളുടെ അറ്റത്തും ഇ.പിയുടെ പേര് വരുന്നതെന്ന ചോദ്യത്തിന് മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ എന്നായിരുന്നു. ഇപിയുടെ മറുപടി.
ആരാണ് ഗൂഢാലോചന നടത്തുന്നതെന്ന് അറിയില്ല. പാർട്ടികകത്ത് നിന്ന് തന്നെയാണോ ഇത് നടക്കുന്നതെന്ന് അറിയില്ല. എല്ലാം പാർട്ടി പരിശോധിക്കുകയാണ്.
ഞാൻ എഴുതി എന്ന് പറയപ്പെടുന്ന പുസ്തകം താൻ കണ്ടിട്ടുപോലുമില്ല. തന്നെ പരിഹസിക്കുന്ന കാര്യങ്ങൾ താൻ തന്നെ തലക്കെട്ടായി ഒരിക്കലും കൊടുക്കില്ല.
ഇ.എം.എസിന്റെ കൂടെയുള്ള തന്റെ ഫോട്ടോ പലരുടെയും കയ്യിലുണ്ട് അത് ആരെങ്കിലും കവർ ചിത്രത്തിന് ഉപയോഗിച്ചതാവാം. പുസ്തകത്തിന് ഒരു പേരും താൻ നിർദേശിച്ചിട്ടില്ല.
ഡിസി ബുക്‌സിനോട് പ്രസിദ്ധീകരിക്കാൻ ഏൽപ്പിച്ചിരുന്നില്ല. ഗുരുതരമായ ക്രിമിനൽ കുറ്റമാണ് നടന്നത്.
അടിയുറച്ച കമ്യൂണിസ്റ്റുകാരനായിട്ടും എന്തുകൊണ്ട് ചിന്താ ബുക്‌സിനെ സമീപിച്ചില്ല എന്ന ചോദ്യത്തിന് ചിന്ത ബുക്‌സ് തന്നെ സമീപിച്ചില്ല എന്നായിരുന്നു ഇ.പിയുടെ മറുപടി.
താൻ കൺവീനറല്ല എന്നത് ശരിയാണ് പക്ഷെ തന്നെ പാർട്ടി മാറ്റിയതല്ല. താൻ സ്വയം ഒഴിവായതാണ് ഒരു വിവാദവും പാർട്ടികകത്തുണ്ടായിട്ടില്ലെന്നും ഇ.പി കൂട്ടിച്ചേർത്തു.