നിലമ്പൂർ വനമേഖലയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തി; തിരച്ചിൽ തുടരുന്നു
മുണ്ടക്കൈയിൽനിന്ന് സൂചിപ്പാറ വെള്ളച്ചാട്ടം വഴിയാണ് മൃതദേഹങ്ങൾ പോത്തുകൽ മെഖലയിൽ ഒഴുകിയെത്തിയത്.
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലമ്പൂർ മുണ്ടേരി, പോത്തുകൽ വനമേഖലയിൽനിന്ന് കണ്ടെത്തി. ഇവിടെ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇന്ന് രണ്ട് മൃതദേഹങ്ങളും മൂന്ന് മൃതദേഹങ്ങളുടെ ശരീരഭാഗങ്ങളുമാണ് ഇവിടെനിന്ന് കണ്ടെത്തിയത്.
മുണ്ടക്കൈയിൽനിന്ന് സൂചിപ്പാറ വെള്ളച്ചാട്ടം വഴിയാണ് മൃതദേഹങ്ങൾ പോത്തുകൽ മെഖലയിൽ ഒഴുകിയെത്തിയത്. മുണ്ടക്കൈയിൽനിന്ന് 25 കിലോമീറ്ററോളം അകലെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശം. എത്ര വലിയ മലവെള്ളപ്പാച്ചിലാണ് മുണ്ടക്കൈയിൽ ഉണ്ടായത് എന്ന് വ്യക്തമാക്കുന്നതാണ് ഇത്.
ഉൾവനത്തിൽ വെള്ളത്തിന്റെ വലിയ കുത്തൊഴുക്ക് വകവെക്കാതെയാണ് ആളുകൾ തിരച്ചിൽ നടത്തുന്നത്. 4 കിലോ മീറ്ററോളം തുണിയിൽ പൊതിഞ്ഞ് ചുമന്നാണ് ട്രാക്ടർ അടക്കമുള്ള വാഹനങ്ങളിൽ എത്തിക്കുന്നത്. 7 കിലോ മീറ്ററോളം ഉൾവനത്തിലൂടെ ഈ വാഹനങ്ങൾ സഞ്ചരിച്ചാൽ മാത്രമേ പ്രധാന റോഡുകളിൽ ആംബുലൻസിന് സമീപത്തേക്ക് എത്താൻ കഴിയുകയുള്ളൂ.