പരാതി നൽകിയിട്ടും പെൻഷൻ നൽകിയില്ല; ഭിന്നശേഷിക്കാരന്റെ മൃതദേഹവുമായി പ്രതിഷേധം

മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി

Update: 2024-01-24 09:33 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹവുമായി കലക്ടറേറ്റിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജോസഫിന്റെ മൃതദേഹം വൈകിട്ട് നാലുമണിക്ക് മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. 

ഇന്നലെയാണ് വളയത്ത് ജോസഫ് എന്ന പാപ്പച്ചനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോസഫിന്റെ മൃതദേഹത്തിന് അരികിൽ നിന്ന് ആത്മഹത്യക്കുറിപ്പ് എന്ന് സംശയിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.

പെൻഷൻ ലഭിച്ചിട്ട് അഞ്ച് മാസത്തോളമായെന്നും പലരോടും കടം വാങ്ങി മടുത്തുവെന്നും കുറിപ്പിൽ പറയുന്നു. അഞ്ചുമാസത്തെ പെൻഷൻ തന്നില്ലെങ്കിൽ ജീവനൊടുക്കാനാണ് തീരുമാനമെന്നും ജോസഫ് കുറിച്ചിട്ടുണ്ട്. പെൻഷൻ മുടങ്ങിയതിനെ കുറിച്ച് ജോസഫ് നിരന്തരം പരാതി പറഞ്ഞിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു.

കഴിഞ്ഞ നവംബറിൽ ചക്കിട്ടപ്പാറ പഞ്ചായത്തിന് നൽകിയ പരാതിയാണ് ജോസഫിന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ മകൾ കിടപ്പുരോഗിയാണെന്നും ഇനിയും പെൻഷൻ കിട്ടിയില്ലെങ്കിൽ മരിക്കേണ്ടി വരുമെന്നും പരാതിയിൽ പറയുന്നുണ്ട്. വടിയുടെ സഹായത്താൽ നടക്കുന്ന ജോസഫ് ഈ പരാതി കൊടുത്തതിനുശേഷവും ക്ഷേമ പെൻഷൻ കിട്ടിയില്ലെന്നാണ് ആരോപണം. പെൻഷൻ കിട്ടാത്തതിനുള്ള മനോവിഷമം ജോസഫ് നിരന്തരം പറഞ്ഞിരുന്നതായി മക്കളും വാർഡ് മെമ്പറും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ, ജോസഫിന്റെ മരണം ക്ഷേമപെൻഷൻ കിട്ടാത്തത് കൊണ്ടല്ല എന്നാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ടിന്റെ വിശദീകരണം. ജോസഫ് തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നുവെന്നും ഇയാൾക്ക് വരുമാനം ഉണ്ടായിരുന്നതായും പ്രസിഡന്റ് പറഞ്ഞു. സംഭവത്തിൽ പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

കഴിഞ്ഞ മാസം ജോസഫിന് ഒരു ഗഡു പെൻഷൻ നൽകിയിരുന്നുവെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. പെൻഷൻ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോഴിക്കോട്സാമൂഹ്യനീതി വകുപ്പ് ഓഫീസറോഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News