ഓര്‍ക്കാട്ടേരി ഷബ്‍നയുടെ മരണം; ഭര്‍തൃമാതാവ് കസ്റ്റഡിയില്‍
നഫീസ ഷബ്‌നയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി
വടകര: കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശി ഷബ്ന ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷബ്നയുടെ ഭര്‍തൃമാതാവിന്റെ സഹോദരനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസം നാലാം തീയതിയാണ് ഷബ്‌നയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഷബ്‌നയെ മർദിച്ചതിനാണ് ഭര്‍തൃമാതാവിന്റെ സഹോദരനെ അറസ്റ്റ് ചെയ്തത്. ഷബ്‌നയുടെ മരണത്തിൽ ഭർത്താവിന്റെ മാതാവ് നഫീസക്കും സഹോദരിക്കും പങ്കുണ്ടെന്നും പരാതിയിലുണ്ടായിരുന്നു. ഇവർ ഷബ്‌നയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി. തുടര്‍ന്ന് ഇവരെ പ്രതി ചേർത്തെങ്കിലും ഒളിവിൽ പോകുകയായിരുന്നു. ജ്യാമത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇന്ന് നഫീസയെ കോഴിക്കോട് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം ഷബ്‌നയുടെ മാതാവിന്റെയും പിതാവിന്റെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണദിവസം മകൾ വീട്ടിലുണ്ടായിരുന്നു. ഈ ദിവസം നടന്ന വാക്കുതർക്കങ്ങളെ കുറിച്ച് മകൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മാതാവ് വാതിലടച്ച് മുറിയിൽ കടന്ന ശേഷവും അസ്വാഭാവികത തോന്നിയിട്ടും വീട്ടുകാർ ഇടപെട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പിതാവിന്റെ ബന്ധുക്കൾ മാതാവിനെ മർദിച്ചു. മുറിയിൽ കയറി വാതിലടച്ചതോടെ പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ ഒന്നും ചെയ്തില്ല. പിതാവിന്റെ അമ്മാവൻ ഹനീഫ ഉമ്മയെ അടിച്ചെന്നും അസഭ്യം പറഞ്ഞെന്നും പത്ത് വയസുകാരിയായ മകൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഷബ്ന മരിക്കുന്നതിന് മുമ്പ് മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആണുങ്ങളോട് സംസാരിക്കുമ്പോൾ ശബ്ദം കുറച്ച് സംസാരിക്കണമെന്ന് ഒരാൾ യുവതിയോട് പറയുന്നതും വിഡിയോയിലുണ്ട്.