ആംബുലൻസിൽ രോഗിയുടെ മരണം; ജീവനക്കാർക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡിഎംഒ
ആംബുലന്‍സിന് ഫിറ്റ്നസ് ഉണ്ടായിരുന്നു, രോഗിക്കൊപ്പം ഡോക്ടറും അകത്തുണ്ടായിരുന്നു
കോഴിക്കോട്: കോഴിക്കോട് ആംബുലൻസിൽ കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകി രോഗി മരിച്ച സംഭവത്തില്‍ ജീവനക്കാർക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ട്. ആബുലന്‍സിന് ഫിറ്റ്നസ് ഉണ്ടായിരുന്നു. രോഗിക്കൊപ്പം ഡോക്ടറും അകത്തുണ്ടായിരുന്നു എന്നും ഡിഎംഒ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു.
അതേസമയം, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. ഫറോക്ക് സ്വദേശി കോയമോനാണ് മരിച്ചത്. ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് ഗുരുതരാവസ്ഥയിലാണ് രോഗിയെ കൊണ്ടുവന്നത്. എന്നാൽ, ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാഞ്ഞതിനാൽ ചികിത്സ നൽകാൻ കഴിഞ്ഞില്ല.
കോയമോനെ ഇന്നലെ ഉച്ചയോടെ വാഹനാപകടത്തെ തുടർന്നാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചത്. ഗുരുതരാവസ്ഥയായതിനാൽ ബീച്ച് ആശുപത്രിയുടെ ആംബുലൻസിൽ തന്നെ ഹൗസ് സർജനൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളജിൽ എത്തിയപ്പോഴാണ് ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാതെ വന്നത്. ഏകേദശം അരമണിക്കൂറോളം സമയം വാതിൽ തുറക്കാൻ കഴിയാതെ രോഗി ആംബുലൻസിൽ കുടുങ്ങി. തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെടുത്തത്.
പുറത്തെടുത്ത രോഗിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മരിച്ചനിലയിലായിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം. ഗുരുതരാവസ്ഥയായതിനാല്‍ രോഗി ആംബുലൻസിൽ വെച്ച് മരിച്ചുവെന്നാണ് നിഗമനം.