വധഭീഷണി കത്ത്; സി.ബി.ഐ അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
തനിക്കെതിരായ വധഭീഷണി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ടി.പി ചന്ദ്രശേഖരനെ കൊലപെടുത്തുന്നതിന് മുമ്പ് സമാനമായ ഭീഷണിയുണ്ടായതായും തിരുവഞ്ചൂർ കത്തിൽ പറയുന്നു.
പൊലീസ് അന്വേഷിച്ചാൽ കേസിൽ പുരോഗതിയുണ്ടാകില്ല. ഭീഷണിക്കത്ത് സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസിന്‍റെ അന്വേഷണം എങ്ങുമെത്തിയില്ല. അതിനാൽ അന്വേഷണം മറ്റൊരു ഏജൻസിക്കു കൈമാറണമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്‍ണൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചത്. എം.എൽ.എ ഹോസ്റ്റലിലെ വിലാസത്തിലായിരുന്നു കത്ത്. പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നായിരുന്നു കത്തിൽ സൂചിപ്പിച്ചിരുന്നത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ഇത് സംബന്ധിച്ച് തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു.