കടബാധ്യത; വിളപ്പിൽശാലയിൽ സംരംഭക ആത്മഹത്യ ചെയ്തു
58 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ബാധ്യത രാജിക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു
തിരുവനന്തപുരം വിളപ്പിൽശാലയിൽ കടബാധ്യതയെ തുടർന്ന് സംരംഭക ആത്മഹത്യ ചെയ്തു. ഹോളോ ബ്രിക്സ് സ്ഥാപന ഉടമ രാജിയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ ഹോളോബ്രിക്സ് കമ്പനിയിലെ സിമൻറ് സൂക്ഷിച്ചിരിക്കുന്ന മുറിയിലാണ് രാജിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. 58 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ബാധ്യത രാജിക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കോവിഡ് കാലത്ത് വരുമാനം നിലച്ചതോടെ ലോണടവ് മുടങ്ങിയിതാണ് രാജിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. ഈ മാസം 31നു മുമ്പ് 58 ലക്ഷം രൂപ അടയ്ക്കണമെന്ന് കെ.എസ്.എഫ്.ഇയിൽ നിന്ന് നോട്ടീസ് വന്നിരുന്നു. ഇതിനു പിന്നാലെ പണം കണ്ടെത്താനായി പലവഴികളും നോക്കിയെങ്കിലും ഫലം കണ്ടില്ല.
സാങ്കേതിക സര്‍വകലാശാല ഏറ്റെടുക്കുന്ന ഭൂമിയുടെ കൂട്ടത്തില്‍ രാജിയുടെ 23 സെന്റ് സ്ഥലവും ഉണ്ടായിരുന്നു. ഇതില്‍ നിന്ന് കിട്ടുന്ന തുക വഴി കടം തീര്‍ക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇവര്‍. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നത് നൂറേക്കറില്‍ നിന്ന് 50 ഏക്കറായി കുറച്ചതോടെ രാജിയുടെ ഭൂമി പട്ടികയില്‍ നിന്നും ഒഴിവായി. വസ്തുവിന്റെ പ്രമാണം തിരികെ ലഭിക്കാത്തതിനാല്‍ ലോണെടുക്കാനുള്ള വഴികളും അടഞ്ഞു. ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു രാജിയെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.