കുടുംബശ്രീ നിർമിച്ച ദേശീയപതാകയിൽ അപാകത; ഒരു ലക്ഷത്തിലധികം പതാകകൾ തിരിച്ചുകൊടുത്തു

ഇതര സംസ്ഥാനത്ത് നിന്നെത്തിച്ച പതാകയാണ് വിതരണം ചെയ്തതെന്നും ആരോപണമുണ്ട്.

Update: 2022-08-12 10:39 GMT
Editor : Nidhin | By : Web Desk
Advertising

ഇടുക്കി: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് വിതരണത്തിന് തയാറാക്കിയ ദേശീയ പതാകകൾ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ചതെന്ന് പരാതി. വീടുകളിലും സ്ഥാപനങ്ങളിലും ഉയർത്താനായി കുടുംബശ്രീ മിഷനാണ് പതാകകൾ നിർമിച്ചത്. അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പതാകകൾ കുടുംബശ്രീ തിരികെ വാങ്ങി.

ഇടുക്കി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിയും സ്‌കൂളുകളിലും വിതരണം ചെയ്യാൻ രണ്ടു ലക്ഷത്തിലധികം പതാകകൾക്കാണ് ഓർഡർ ലഭിച്ചത്. 30 രൂപ ഈടാക്കി പതാക തയാറാക്കാൻ കുടംബശ്രീ യൂണിറ്റുകളെ ഏൽപ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ 1,20,000 പതാകകളാണ് നിർമിച്ചത്. കളക്ടറേറ്റിൽ വിതരണ ഉദ്ഘാടനവും നടത്തി. ഇതിനു ശേഷമാണ് അളവിലും നിർമാണത്തിലും അപാകതകൾ കണ്ടെത്തിയത്.

പരാതി വ്യാപകമായതോടെ വിവിധ പഞ്ചായത്തുകളിലെത്തിച്ച പതാകകൾ കുടുംബശ്രീ തിരികെ വാങ്ങി. പണവും മടക്കി നൽകി. ഇതര സംസ്ഥാനത്ത് നിന്നെത്തിച്ച പതാകയാണ് വിതരണം ചെയ്തതെന്നും ആരോപണമുണ്ട്. സംഭവത്തിൽ കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്ററോട് കളക്ടർ വിശദീകരണം തേടിയിട്ടുണ്ട്. എന്തായാലും പകരം പതാക തരപ്പെടുത്താനുള്ള പരക്കംപാച്ചിലിലാണ് പതാകക്ക് ഓർഡർ നൽകിയവർ.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News