ഇടുക്കി കുടയത്തൂരിൽ അന്ധ വിദ്യാർഥിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ
തെളിവ് നശിപ്പിക്കാൻ പ്രതി പെൺകുട്ടിയുടെ ബന്ധുക്കളോട് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം മീഡിയവണിന് ലഭിച്ചു
ഇടുക്കി കുടയത്തൂരിൽ അന്ധ വിദ്യാർഥിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. അന്ധ വിദ്യാലയത്തിലെ ജീവനക്കാരനായ രാജേഷ് ആണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാൻ പ്രതി പെൺകുട്ടിയുടെ ബന്ധുക്കളോട് ആവശ്യപെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതി ബന്ധുക്കളോട് സംസാരിക്കുന്ന ശബ്ദ സന്ദേശം മീഡിയവണിന് ലഭിച്ചു.
സ്‌കൂൾ മാനേജ്മെന്റ് ഇടപെട്ട് പണം വാഗ്ദാനം ചെയ്ത് കേസ് ഒതുക്കി തീർക്കുകയായിരുന്നുവെന്നാരോപിച്ച് ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് എന്ന സംഘടനയിലെ അംഗങ്ങളാണ് ഡി.ജി.പിക്കുൾപ്പെടെ പരാതി നൽകിയിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
2020ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. സ്‌കൂളിൽ പഠിക്കുകയായിരുന്ന വിദ്യാർഥിയെ ബസിൽ വെച്ചും ഹോസ്റ്റലിൽ വെച്ചും പ്രതി നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്നാണ് പരാതി. അടുത്തിടെയാണ് സുഹൃത്തിനോട് കുട്ടി ഇക്കാര്യങ്ങൾ പറയുന്നത്. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.