പി.എഫ്.ഐ ജപ്തിയുടെ മറവിൽ ലീഗുകാരെ കുടുക്കാൻ ബോധപൂർവ ശ്രമം നടക്കുന്നു: പി.എം.എ സലാം
ലീഗ് പ്രതിനിധിയായ പഞ്ചായത്ത് അംഗത്തിന്റെ സ്വത്തും കണ്ടുകെട്ടിയെന്ന് പരാതി ഉയർന്നിരുന്നു
മലപ്പുറം: ഹർത്താലിന്റെ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെയുള്ള ജപ്തിയുടെ മറവിൽ മുസ്‌ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ബോധപൂർവ ശ്രമം നടക്കുന്നുവെന്നും ഗവൺമെൻറ് മെഷിനറിയെ ദുരുപയോഗം ചെയ്യുന്നതിന്റെ പ്രകടമായ തെളിവാണ് ഇപ്പോൾ കാണുന്നതെന്നും പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം. മുസ്‌ലിം ലീഗ് ജനപ്രതിനിധികളുടെ അടക്കം സ്വത്ത് ജപ്തി ചെയ്ത പശ്ചാത്തലത്തിൽ മാധ്യമങ്ങളോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത് അബദ്ധം പറ്റിയതാണെന്ന് പറയാനാകില്ലെന്നും അപരാധികളെ രക്ഷപ്പെടുത്തി നിരപരാധികളെ കുടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് സംസ്ഥാന സർക്കാരും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയാണെന്നും സലാം ആരോപിച്ചു. തെറ്റായ ജപ്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിഷയം നിയമസഭയിൽ ഉൾപ്പെടെ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗ് പ്രതിനിധിയായ പഞ്ചായത്ത് അംഗത്തിന്റെ സ്വത്തും കണ്ടുകെട്ടിയെന്ന് പരാതി ഉയർന്നിരുന്നു. എടരിക്കോട് പഞ്ചായത്ത് മെമ്പർ സി.ടി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കണ്ട് കെട്ടൽ നോട്ടീസ് പതിച്ചത്. മറ്റൊരാളുടെ പേരിന്റെ സാമ്യം കൊണ്ടാണ് നടപടിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും അഷ്റഫ് മീഡിയവണ്ണിനോട് പറഞ്ഞു. അങ്ങാടിപ്പുറത്ത് രണ്ട് പേർക്കാണ് ജപ്തി നേരിടേണ്ടി വന്നത്. അഡ്രസുകളിലെ സാമ്യത കൊണ്ട് ഉദ്യോഗസ്ഥർ തെറ്റായി ജപ്തി ചെയ്യുകയായിരുന്നുവെന്നുവെന്നാണ് നടപടി നേരിട്ടവർ പറയുന്നത്.
സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതുവരെ നൂറോളം നേതാക്കന്മാരുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്.
Deliberate attempt to trap Muslim League workers under cover of PFI forfeiture: PMA Salam