മൃതദേഹം പാർട്ടി ഓഫീസിൽ സംസ്‌കരിക്കണമെന്ന ആവശ്യം തള്ളി: ആംസ്‌ട്രോങ്ങിന് തിരുവള്ളൂരിൽ അന്ത്യവിശ്രമം

പാർട്ടി ഓഫീസ് ജനവാസ മേഖലയിലാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കുടുംബത്തിന്റെ ഹരജിയെ എതിർക്കുകയായിരുന്നു

Update: 2024-07-08 05:06 GMT
Advertising

ചെന്നൈ: കൊല്ലപ്പെട്ട തമിഴ്നാട് ബി.എസ്.പി പ്രസിഡന്റ് കെ. ആംസ്‌ട്രോങ്ങിന് തിരുവള്ളൂരിൽ അന്ത്യവിശ്രമം. മൃതദേഹം പാർട്ടി ഓഫീസിൽ സംസ്‌കരിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് തിരുവള്ളൂരിൽ സംസ്‌കരിച്ചത്. ആംസ്‌ട്രോങ്ങിന്റെ ഭാര്യയാണ് ജസ്റ്റിസ് വി ഭവാനി സുബ്ബറോയിന്റെ മുമ്പാകെ ആവശ്യമുന്നയിച്ചത്. എന്നാൽ പാർട്ടി ഓഫീസ് ജനവാസ മേഖലയിലാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കുടുംബത്തിന്റെ ഹരജിയെ എതിർക്കുകയായിരുന്നു. തുടർന്നാണ് ആംസ്ട്രോങ്ങിന്റെ ബന്ധുവിന്റെ പോത്തൂരിലുള്ള ഭൂമിയിൽ സംസ്‌കാരം നടത്താൻ കോടതി അനുമതി നൽകിയത്.

എട്ട് മണിക്കൂറോളം നീണ്ടുനിന്ന വിലാപയാത്രക്ക് ശേഷമാണ് തിരുവള്ളൂരിലെ പോത്തൂരിലെത്തിയത്. ബി.എസ്.പി അധ്യക്ഷയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി, വി.സി.കെ സ്ഥാപകൻ തോൽ തിരുമാവളവൻ ഉൾപ്പെടെയുള്ള പ്രമുഖർ ആംസ്‌ട്രോങ്ങിന് ആദരാജ്ഞലികളർപ്പിക്കാനെത്തി. കൊലപാതകത്തിൽ സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

കേസിൽ എട്ട് പേർ അറസ്റ്റിലായിരുന്നു. പൊന്നൈ ബാല, രാമു, തിരുവെങ്ങാടം, തിരുമലൈ, സെൽവരാജ്, മണിവണ്ണൻ, സന്തോഷ്, അരുൾ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ചയാണ് ചെന്നൈയിലെ പെരമ്പലൂരിലുള്ള വസതിക്ക് സമീപം പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തുന്നതിനിടെ ആംസ്‌ട്രോങ്ങിന് നേരെ ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറം?ഗ സംഘമാണ് ആക്രമണം നടത്തിയത്. ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൊല നടത്തിയത്.

സംഘം ആംസ്ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തമിഴ്‌നാട്ടിലെ ദലിത് വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നു മുൻ ചെന്നൈ കോർപറേഷൻ കൗൺസിലർ കൂടിയായ ആംസ്‌ട്രോങ്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News