സ്ഫോടനത്തില്‍ വീട് തകര്‍ന്നടിഞ്ഞു, നടുങ്ങി വരാപ്പുഴ: പടക്ക നിർമാണശാലയ്ക്ക് ലൈസൻസില്ലെന്ന് കലക്ടര്‍

ജനസാന്ദ്രതയേറിയ മേഖലയിലാണ് സ്ഫോടനമുണ്ടായത്

Update: 2023-02-28 15:12 GMT
Advertising

കൊച്ചി: വരാപ്പുഴയിലെ പടക്കനിര്‍മാണശാലയിലുണ്ടായത് ഉഗ്രസ്ഫോടനമാണ്. പ്രകമ്പനം ഒന്നര കിലോമീറ്റര്‍ അകലെ വരെയുണ്ടായി. പടക്കനിര്‍മാണശാല ഉടമയുടെ ബന്ധു മരിച്ചു. പരിക്കേറ്റ ഏഴു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണ്.

ജനസാന്ദ്രതയേറിയ മേഖലയിലാണ് സ്ഫോടനമുണ്ടായത്. വീടിനോട് ചേർന്നാണ് പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്നത്. സ്ഫോടനത്തില്‍ വീട് പൂർണമായും തകർന്നടിഞ്ഞു. ഈ വീട്ടില്‍ ആരും താമസമുണ്ടായിരുന്നില്ല. സമീപത്തെ വീടുകളിലേക്കും വെടിമരുന്ന് തെറിച്ചു വീണു. ഇതോടെ സമീപത്തെ 10 വീടുകള്‍ക്ക് കേടുപാടുണ്ടായി. ഭൂമി കുലുക്കമാണെന്നാണ് ആദ്യം കരുതിയതെന്ന് പ്രദേശവാസി പറഞ്ഞു.

സ്ഫോടനമുണ്ടായ പടക്ക നിർമാണശാലയ്ക്ക് ലൈസൻസ് ഇല്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ രേണു രാജ് പറഞ്ഞു. പടക്കം നിർമാണത്തിനോ വില്‍ക്കുന്നതിനോ സംഭരിക്കുന്നതിനോ ലൈസന്‍സില്ല. തഹസിൽദാരോട് റിപ്പോർട്ട്‌ തേടിയെന്നും രേണു രാജ് പറഞ്ഞു. 

ജെൻസൻ(38), ഫ്രെഡിന(30), കെ.ജെ മത്തായി (69), എസ്തർ (7), എൽസ (5), ഇസബെൽ (8), നീരജ്(30) എന്നിവർക്കാണ് പരിക്കേറ്റത്. പടക്കനിർമാണശാലയിൽ തുടർച്ചയായി സ്‌ഫോടനം ഉണ്ടായതിനാൽ തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടിരുന്നു. നിലവില്‍ തീ നിയന്ത്രണവിധേയമാണ്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News