എ രാജ എംഎല്‍എ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു; പിഴ ഈടാക്കണമെന്ന് വി ഡി സതീശന്‍
തമിഴിലായിരുന്നു എ.രാജയുടെ സത്യപ്രതിജ്ഞ..
ദേവികുളം എംഎല്‍എ അഡ്വ. എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എം ബി രാജേഷിന്‍റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.
ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്ത എ രാജ സഭയിലിരുന്ന ദിവസങ്ങളില്‍ 500 രൂപ വീതം പിഴ ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ എ രാജ വോട്ടു ചെയ്തത് ചട്ടവിരുദ്ധമാണെന്ന് സതീശൻ ആരോപിച്ചു. ഇക്കാര്യം പരിശോധിച്ച് റൂളിങ് പിന്നീടെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.
തമിഴിലായിരുന്നു എ.രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമ വകുപ്പ് തര്‍ജമ ചെയ്തപ്പോഴുണ്ടായ പിഴവു മൂലമായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പാകെ ആയിരുന്നെങ്കിലും സ്പീക്കറായ എം ബി രാജേഷിന് മുമ്പാകെ ആണ് ഇന്ന് രാജ സത്യപ്രതിജ്ഞ ചൊല്ലിയത്. ദേവികുളത്ത് നിന്ന് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ഥിയായി എ. രാജ വിജയിച്ചത്.