മുഹമ്മദ് ആട്ടൂർ തിരോധാനം; പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് കുടുംബം
2023 ആഗസ്റ്റ് 21നാണ് ബാലുശ്ശേരി എരമംഗലം സ്വദേശിയായ മുഹമ്മദ് ആട്ടൂരിനെ കോഴിക്കോട് നഗരത്തിൽനിന്ന് കാണാതായത്.
കോഴിക്കോട്: 10 മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബവും, ആക്ഷൻ കൗൺസിൽ ഭാരവാഹികളും മുഖ്യമന്ത്രിയെ കണ്ടു. ആട്ടൂർ മുഹമ്മദിനെ കുറിച്ച് ഇതുവരെ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും, ഇതോടെയാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും കുടുംബം പറഞ്ഞു.
2023 ആഗസ്റ്റ് 21നാണ് ബാലുശ്ശേരി എരമംഗലം സ്വദേശിയായ മുഹമ്മദ് ആട്ടൂരിനെ കോഴിക്കോട് നഗരത്തിൽനിന്ന് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ ആദ്യം നടക്കാവ് പൊലീസും പിന്നീട് പ്രത്യേക അന്വേഷണസംഘവുമാണ് കേസ് അന്വേഷിച്ചത്.് അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇപ്പോൾ അന്വേഷണ പുരോഗതി വെളിപ്പെടുത്താനാവില്ലെന്നുമാണ് പൊലീസ് വിശദീകരണം.
ഇത്രയും നാളത്തെ അന്വേഷണത്തിലും കൃത്യമായ ഒരു വിവരവും ലഭിക്കാത്തതിൽ ആശങ്കയുണ്ടെന്നും ഇതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടതെന്നും കുടുംബം പറഞ്ഞു. നിഗൂഢമായ സാഹചര്യങ്ങളാണ് ആട്ടൂർ മുഹമ്മദിന്റെ തിരോധാനത്തിലുള്ളതെന്നും, ഗൂഢാലോചന സംശയിക്കുന്നതായും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു.
റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂർ വ്യവസായിക ആവശ്യങ്ങൾക്കായി സാധാരണ യാത്രകൾ പോകാറുണ്ടെങ്കിലും പോകുന്ന കാര്യങ്ങൾ കുടുംബത്തെ അറിയിക്കാറുണ്ട്. ഫോണിലും എപ്പോഴും ലഭ്യമാകാറുണ്ട്. കാണാതായ ദിവസം മുഹമ്മദ് ഉപയോഗിച്ചിരുന്ന ഫോണുകൾ സ്വിച്ച് ഓഫ് ആയി. ഒപ്പം നഗരത്തിലെയും അവസാനം മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ച കോഴിക്കോട് തലക്കുളത്തൂർ ഭാഗത്തെയോ സി.സി.ടി.വികളിലൊന്നും ആട്ടൂർ മുഹമ്മദിന്റെയോ, സംശയാസ്പദ ദൃശ്യങ്ങളോ ലഭിച്ചിട്ടില്ല. ഇതാണ് ആട്ടൂരിൻറെ തിരോധാനത്തിൽ ദൂരൂഹത വർധിപ്പിക്കുന്നത്.