മുണ്ടക്കൈ ദുരന്തത്തിലെ ചെലവ് വിവാദം: വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രി
പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന ചെലവുകളും അടക്കമാണ് മെമ്മോറാണ്ടം നൽകിയതെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അവാസ്തവമായ കാര്യമാണെന്നും വിശദീകരണത്തിൽ പറയുന്നു.
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രി. അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിൽ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിരുന്നു. അതിനെയാണ് ചെലവഴിച്ച തുക എന്ന നിലയിൽ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു.
പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന ചെലവുകളും അടക്കമാണ് മെമ്മോറാണ്ടം നൽകിയതെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അവാസ്തവമായ കാര്യമാണെന്നും വിശദീകരണത്തിൽ പറയുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസപ്രവർത്തനങ്ങളെ തകിടംമറിക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിക്കുന്നു.
അതേസമയം, മെമ്മോറാണ്ടം സംബന്ധിച്ച് സർക്കാർ വിശദീകരണം വന്നെങ്കിലും ചില ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. എസ്റ്റിമേറ്റ് എമൗണ്ട്, ആക്ച്വൽ എമൗണ്ട് എന്നിങ്ങനെ രണ്ട് രീതിയിലുള്ള കണക്കുകൾ മെമ്മോറാണ്ടത്തിലുണ്ട്. ഇതിൽ ആക്ച്വൽ എമൗണ്ട് എന്നത് ചെലവഴിച്ച തുകയാണോ എന്ന സംശയമാണ് നിലനിൽക്കുന്നത്.
359 മൃതദേഹങ്ങൾ സംസ്കരിക്കാൻ 2.76 കോടി രൂപ ചെലവ് കണക്കാക്കി സർക്കാർ സമർപ്പിച്ച മെമ്മോറാണ്ടമാണ് വിവാദമായത്. ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. എസ്ഡിആർഎഫ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ചെലവുകൾ കണക്കാക്കിയതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം..
വളണ്ടിയർമാരുടെയും ട്രൂപ്പുകളുടെയും ചെലവ് കണക്കാക്കിയിരിക്കുന്നതും കോടികളാണ്. ഗതാഗതത്തിന് നാല് കോടിയും ഭക്ഷണ- വെള്ള വിതരണത്തിന് പത്തു കോടിയും താമസത്തിന് 15 കോടിയും. രക്ഷാപ്രവർത്തനത്തിനുള്ള ടോർച്ച്, റെയിൻ കോട്ട്, കുട, ബൂട്സ് എന്നിവയ്ക്ക് രണ്ട് കോടി 98 ലക്ഷം. വളണ്ടിയർമാരുടെയും ട്രൂപ്പുകളുടെയും മെഡിക്കൽ സഹായത്തിന് രണ്ടു കോടിയിലധികം. 17 ദുരിതാശ്വാസ ക്യാമ്പുകളിലെ 4000ത്തിൽ പരം ആളുകൾക്ക് ഭക്ഷണ ഇനത്തിൽ എട്ടുകോടിയും വസ്ത്രത്തിന് 11 കോടിയും ജനറേറ്ററിന് ഏഴു കോടിയും വൈദ്യസഹായത്തിന് എട്ട് കോടിയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
ഡ്രോൺ റഡാർ തുടങ്ങിയവയ്ക്ക് മൂന്നു കോടിയും മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളിങ്ങിന് മൂന്നു കോടിയും കണക്കാക്കിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തിന് മൂന്ന് കോടിയും ഒരു കിലോമീറ്റർ വിസ്തൃതിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ 60 ദിവസത്തേക്ക് 36 കോടിയും ആണ് എസ്റ്റിമേറ്റ് തുക. എല്ലാംകൂടിയുള്ള യഥാർഥ കണക്ക് 1600 കോടി രൂപയോളം വരുമെന്നും അധികൃതർ വിശദീകരിക്കുന്നു.