മൈനാഗപ്പള്ളി വാഹനാപകടത്തിൽ പ്രതികൾ അറസ്റ്റിൽ; നരഹത്യാക്കുറ്റം ചുമത്തി പൊലീസ്

കേസിൽ അജ്മൽ ഒന്നാം പ്രതിയും ഡോ. ശ്രീക്കുട്ടി രണ്ടാം പ്രതിയുമാണ്.

Update: 2024-09-16 13:09 GMT
Advertising

കൊല്ലം: മൈനാഗപ്പള്ളി വാഹനാപകടത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വാഹനമോടിച്ചിരുന്ന അജ്മൽ, കൂടെയുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവർക്കും എതിരെ ജാമ്യമില്ലാ വകുപ്പ് ആയ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.

വാഹനമിടിച്ചതോടെ തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ മനഃപൂർവം കാർ കയറ്റിയിറക്കി നിർത്താതെ പോവുകയായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ അജ്മൽ ഒന്നാം പ്രതിയും ഡോ. ശ്രീക്കുട്ടി രണ്ടാം പ്രതിയുമാണ്.

വാഹനം നിർത്താതെ ഓടിച്ചുപോവാൻ അജ്മലിനോട് പറഞ്ഞത് ശ്രീക്കുട്ടിയാണെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രേരണാക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. കൂടാതെ, ഒരു ഡോക്ടറായിട്ടും അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നൽകാനോ ശ്രമിക്കാതെ കർത്തവ്യം മറന്ന് മരണത്തിലേക്ക് തള്ളിയിട്ടു എന്നതും കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

അജ്മല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് റൂറല്‍ എസ്.പി സ്ഥിരീകരിച്ചു. ചന്ദനക്കടത്ത്, വഞ്ചനാക്കേസ് ഉള്‍പ്പെടെയുള്ള കേസുകളിൽ ഇയാള്‍ പ്രതിയാണെന്നും എസ്.പി വ്യക്തമാക്കി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയിൽ വച്ചാണ് യുവ ഡോക്ടറെ അജ്മൽ പരിചയപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി.

അതേസമയം, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം ജില്ലാ പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

ഇന്നലെ വൈകീട്ടായിരുന്നു നാടിനെ നടുക്കിയ അപകടം. അമിതവേഗത്തിലെത്തിയ കാർ സ്‌കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സ്‌കൂട്ടറിൽനിന്ന് റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയും ആളുകൾ ഓടിക്കൂടിയതോടെ നിർത്താതെ പോവുകയുമായിരുന്നു.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ(45) ആണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഫൗസിയ പരിക്കുകളോടെ ചികിത്സയിലാണ്.

വെളുത്തമണൽ സ്വദേശി അജ്മൽ ആണ് കാറോടിച്ചിരുന്നത്. വനിതാ ഡോക്ടറായ ശ്രീക്കുട്ടിയാണ് ഇയാളുടെ കൂടെയുണ്ടായിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നു. ശ്രീക്കുട്ടിയെ ഇന്നലെയും അജ്മലിനെ ശാസ്താംകോട്ട പതാരത്തുനിന്ന് ഇന്നു പുലർച്ചെയോടെയുമാണ് പിടികൂടിയത്.

അതേസമയം, കാർ അമിതവേഗത്തിലായിരുന്നു എന്ന് പരിക്കേറ്റ ഫൗസിയ പറഞ്ഞു. നിയന്ത്രണമില്ലാതെയാണ് കാർ വന്ന് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുഞ്ഞുമോൾ കാറിന്റെ അടിയിലേക്ക് തെറിച്ചു വീണു. ഇതോടെ കാർ ശരീരത്തിലൂടെ കയറ്റിയിറക്കി. എതിർ ദിശയിലേക്ക് വീണതിനാലാണ് തന്റെ ജീവൻ തിരിച്ചുകിട്ടിയതെന്നും ഫൗസിയ കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News