വാടക വീട്ടിൽവെച്ച് കൊലപ്പെടുത്തിയെന്ന് ഭാര്യ; നൗഷാദിന്റെ മൃതദേഹത്തിനായി തെരച്ചിൽ തുടരുന്നു
2021 നവംബർ അഞ്ച് മുതൽ കലഞ്ഞൂർ സ്വദേശി നൗഷാദിനെ കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കാണാതായ സംഭവത്തിൽ ഒന്നര വർഷത്തിന് ശേഷം ഭാര്യ അഫ്സാന അറസ്റ്റിൽ. നൗഷാദിനെ കൊലപ്പെടുത്തി എന്ന് അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നൗഷാദിന്റെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്.
യുവതി മൊഴി മാറ്റിപ്പറയുന്നത് പൊലീസിന് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.പരുത്തിപ്പാറയിലെ വാടകവീട്ടിൽവെച്ച് ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് അഫ്‌സാന പൊലീസിന് മൊഴി നൽകിയത്. ഇതേ തുടർന്ന് വീടിന് പരിസരത്ത് മണിക്കൂറുകളോളം പരിശോധന കഴിഞ്ഞിട്ടും യാതൊരു തെളിവും പൊലീസിന് ലഭിച്ചില്ല. വീടിന് സമീപം അഫ്സാന കാണിച്ച സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി.
നൗഷാദിനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞെന്നും അഫ്‌സാന പറയുന്നുണ്ട്. പരസ്പര വിരുദ്ധമായ ഇവരുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. ഇരുവരും തമ്മിൽ സ്വരചേർച്ചയില്ലായിരുന്നെന്നും നാട്ടുകാർ പറയുന്നു.
2021 നവംബർ അഞ്ച് മുതൽ നൗഷാദിനെ കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. തുടർന്ന് കൂടൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ചോദ്യംചെയ്യലിനിടെയാണ് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന പൊലീസിനോട് വെളിപ്പെടുത്തിയത്.