നവകേരള സദസ്സ് വേദിയിൽ തോമസ് ചാഴികാടൻ എം.പിയെ മുഖ്യമന്ത്രി തിരുത്തിയതിൽ കേരള കോൺഗ്രസിൽ അതൃപ്തി
ഒരു വിഭാഗം നേതാക്കൾ പാർട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചു
കോട്ടയം: നവകേരള സദസ്സ് വേദിയിൽ കോട്ടയം എം.പി തോമസ് ചാഴികാടൻ എം.പിയെ മുഖ്യമന്ത്രി തിരുത്തിയതിൽ കേരള കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ഒരു വിഭാഗം നേതാക്കൾ പാർട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കേരളാ കോൺഗ്രസ് പ്രതികരിക്കാത്തത് കീഴടങ്ങലാണെന്ന പ്രതിപക്ഷ വിമർശനവും കേരള കോൺഗ്രസ് അണികളെ അസ്വസ്ഥരാക്കുന്നു.
തോമസ് ചാഴികാടനെ തിരുത്തിയ മുഖ്യമന്ത്രിയുടെ വാക്കുകളാണ് കേരള കോൺഗ്രസ് എമ്മിന്‍റെ അതൃപ്തിക്ക് കാരണം. പാലായിലെ നവകേരള സദസ്സ് വേദിയിൽ തോമസ് ചാഴികാടന്‍റെ പ്രസംഗത്തിൽ റബ്ബർ വില തകർച്ച അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ചിരുന്നു. എന്നാൽ പരാതി അറിയിക്കാനുള്ള വേദിയല്ല ഇതൊന്നും എം.പിക്ക് ഇക്കാര്യം ബോധ്യപ്പെടാത്തത് നിർഭാഗ്യകരമായി പോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. കേരള കോൺഗ്രസിന്റെ സ്വന്തം തട്ടകത്തിൽ വച്ച് പാർട്ടി എംപിക്ക് നേരെ ഉണ്ടായ മുഖ്യമന്ത്രിയുടെ പ്രതികരണം പാർട്ടിക്ക് മുഖത്തേറ്റ അടിയായി .കേരളാ കോൺഗ്രസിൻ്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നടപടി എന്നാണ് പ്രവർത്തകരുടെ പ്രതികരണം.
പാർട്ടിയുടെ സൈബർ ഗ്രൂപ്പുകളിൽ ചാഴികാടനെ പിന്തുണച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും വ്യാപകമായ പോസ്റ്റുകൾ വന്നു. യുഡിഎഫിൽ സമ്മർദ്ദശക്തിയായി നിലകൊണ്ട കേരള കോൺഗ്രസ് എം എൽ.ഡി.എഫിൽ വന്നതോടെ സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും നിയന്ത്രണത്തിൽ ആണെന്ന് വിമർശനവും ശക്തമാണ്. ഇതിനിടെ കേരള കോൺഗ്രസിന്‍റെ അതൃപ്തി രാഷ്ട്രീയമായി മുതലെടുക്കാനുള്ള നീക്കം യു.ഡി.എഫ് തുടങ്ങി. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡണ്ടും അടക്കം ചാഴികാടൻ അപമാനിതനായിയെന്ന പ്രതികരണവുമായി രംഗത്തുവന്നു. സർക്കാർ പരിപാടിയിൽ ഉണ്ടായ മോശം പരാമർശം ചൂണ്ടിക്കാണിച്ചു ലോക്സഭാ സ്പീക്കർക്ക് ചാഴികാടൻ പരാതി നൽകണമെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ പ്രതികരണം.
എന്നാൽ നവകേരള സദസ്സ് പുരോഗമിക്കുന്നതിനാലും ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിലും മുഖ്യമന്ത്രിയുടെ നടപടിയിൽ കേരള കോൺഗ്രസ് ശക്തമായ പ്രതികരണം നടത്താൻ ഇടയില്ല.